കെ.എസ്.ആർ.ടി.സി ഓടുന്നത് പകുതിയിൽ കുറവ് യാത്രക്കാരുമായി
ആലപ്പുഴ: തങ്ങളുടെ സ്റ്റോപ്പുകളിൽ കൂടുതൽ ആളുകളെ കാണുമ്പോൾ, ബസിലെ തിരക്കു കാരണം അല്പം മുന്നോട്ടുനീക്കി 'ചവിട്ടി'യിരുന്ന ആനവണ്ടിക്കാർ വല്ലാത്ത ആശങ്കയിൽ. ബസിലും സ്റ്റോപ്പുകളിലും ആരുമില്ല. ഓരോ സ്റ്റോപ്പിനും അടുത്തെത്തുമ്പോൾ, നിറുത്താനായി റോഡിലേക്കൊരു കൈ നീണ്ടില്ലെങ്കിൽ പതിയെ ഒന്നു ചവിട്ടി സ്റ്റോപ്പിലാകെ പരതി യാത്ര തുടരുകയാണ്, അവിടങ്ങളിൽ ഡബിൾ ബെൽ കേൾക്കുന്ന ഡ്രൈവർമാർ.
കണ്ടെയ്ൻമെന്റ് സോണുകളിൽ ഇളവ് വന്നതോടെ, ജില്ലയിൽ പൂട്ടിക്കിടന്ന കെ.എസ്.ആർ.ടി.സി ഡിപ്പോകൾ ഉൾപ്പെടെ പ്രവർത്തനം ആരംഭിച്ചെങ്കിലും സർവീസുകൾ കൂട്ടാനാവുന്നില്ല. നേരത്തെ നടന്ന സർവ്വീസുകളുടെ 50 ശതമാനം പോലും ഇപ്പോഴില്ല.
ജില്ലയിൽ ആകെയുള്ള 341 ഷെഡ്യൂളുകളിൽ 132 എണ്ണം മാത്രമാണ് കഴിഞ്ഞദിവസം സർവ്വീസ് നടത്തിയത്. യാത്രക്കാരെ ആകർഷിക്കാനായി ആവിഷ്കരിച്ച ബസ് ഓൺ ഡിമാൻഡ് പദ്ധതിക്കും തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. ഭൂരിഭാഗം സർവീസുകളും നഷ്ടത്തിലാണ്. വിരലിലെണ്ണാവുന്ന യാത്രക്കാരാണ് പല സർവീസുകളിലുമുള്ളത്. എല്ലാ ഡിപ്പോകളും തുറന്നതോടെ, യാത്രാക്ലേശത്തിന് നേരിയ അയവ് വന്നു എന്നത് മാത്രമാണ് ആശ്വാസം.
സൂപ്പർ ഫാസ്റ്റുകളടക്കം ഡിപ്പോകളിൽ പ്രവേശിക്കുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥരായ സ്ഥിരം യാത്രക്കാരൊഴികെ, ആരും പൊതുഗതാഗത സംവിധാനത്തോട് താത്പര്യം കാട്ടുന്നില്ല. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കടക്കം കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സർവീസുകൾ പൂർണമായി നിറുത്തലാക്കുമോ എന്നും ആശങ്കയുണ്ട്. ആഗസ്റ്റ് അവസാന വാരം മുതൽ സെപ്തംബർ അവസാന വാരം വരെ രോഗ വ്യാപനം വർദ്ധിച്ചേക്കുമെന്ന മുന്നറിയിപ്പും ആരോഗ്യ വിദഗ്ദ്ധർ നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സർവീസുകൾ ഭാഗികമായോ, പൂർണമായോ വെട്ടിച്ചുരുക്കാം.
................................
ഡിപ്പോ, ആകെ ഷെഡ്യൂൾ, നടപ്പാവുന്നത്
ആലപ്പുഴ: 77- 36
ചെങ്ങന്നൂർ: 42- 17
ചേർത്തല: 77- 23
ഹരിപ്പാട്: 42- 18
കായംകുളം: 68- 20
മാവേലിക്കര: 35- 18
.......................................
ഷെഡ്യൂളുകൾ വെട്ടിച്ചുരുക്കിയാണ് സർവീസ് നടത്തുന്നത്. രോഗവ്യാപനം കൂടുന്നതോടെ യാത്രക്കാരുടെ എണ്ണം കുറയുകയാണ്
കെ.എസ്.ആർ.ടി.സി അധികൃതർ