ഹരിപ്പാട്: മണ്ഡലത്തിൽ ഹയർ സെക്കന്ററി പരീക്ഷയിൽ മികച്ചവിജയം നേടിയ വിദ്യാർത്ഥികളുടെ കരിയർ വികസനം ലക്ഷ്യമിട്ട് 7ന് രാവിലെ 11ന് വെബിനാർനടത്താൻ നിശ്ചയിച്ചിട്ടുള്ളതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കരിയർ ഗുരുവും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.ടി.പി സേതുമാധവനാണ് കുട്ടികളുമായി സംവദിക്കുന്നത്. സ്‌കൂളുകൾ തിരഞ്ഞെടുക്കുന്ന പത്ത് കുട്ടികളെ വീതം നൂറ് കുട്ടികളെയാണ് വെബിനാർ സീരിസിന്റെ ആദ്യ ഘട്ടത്തിൽ പങ്കെടുപ്പിക്കുന്നത്. എല്ലാ വർഷവും പത്താം ക്ളാസിലും പ്ലസ്ടുവിനും മികച്ച വിജയം നേടുന്ന ഹരിപ്പാട് മണ്ഡലത്തിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മയൂഖം അവാർഡ് നല്കുുകയും കരിയർ ഗൈഡൻസ് ക്ളാസുകളും നടത്തുകയും ചെയ്തി​രുന്നു. കൊവിഡിൻ്റെ പ്രത്യേക സാഹചര്യത്തിൽ ഇത്തവണ ഓൺലൈനിലൂടെ ക്ലാസുകൾ സംഘടിപ്പിക്കാൻ തീരുമാനിക്കുകകയായിരുന്നു. മയൂഖം അവാർഡ് ദാന ചടങ്ങ് ഒഴിവാക്കി അവാർഡുകൾ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം കുട്ടികളുടെ ഭവനങ്ങളിൽ നേരിട്ടെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.