അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കൊടി വീട്ടിൽ രഘു - വാസന്തി ദമ്പതികൾക്കായി സി.പി.എം പുന്നപ്ര ലോക്കൽ കമ്മറ്റി നിർമ്മിച്ച വീടിന്റെ താക്കോൽ ജില്ലാസെക്രട്ടറി ആർ. നാസർ കൈമാറി. ഏറെ പഴക്കം ചെന്ന വാസയോഗ്യമല്ലാത്ത വീട്ടിലാണ് മത്സ്യ തൊഴിലാളിയായ രഘുവും കുടുംബവും കഴിഞ്ഞിരുന്നത്. ഭൂമി സംബന്ധമായ രേഖകൾ കൃത്യമല്ലാതിരുന്നതിനാൽ മറ്റു ഭവന നിർമ്മാണ പദ്ധതികളിലൊന്നും ഇവർ ഉൾപ്പെട്ടതുമില്ല. ടി .ടി .സി പൂർത്തിയാക്കിയ മകൾ ധന്യ മോളും, പ്ലസ്ടു പൂർത്തിയാക്കിയ മകൻ അനന്തുവുമടങ്ങുന്ന കുടുംബം ഏതു നിമിഷവും നിലംപൊത്താറായ വീട്ടിൽ ഭയപ്പാടോടെയാണ് കഴിഞ്ഞിരുന്നത്. ഈ ഘട്ടത്തിലാണ് സി.പി. എം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശാനുസരണം പുന്നപ്ര ലോക്കൽ കമ്മിറ്റി ഇവർക്ക് വീടു നിർമിച്ചു നൽകാമെന്നേറ്റത്. നാട്ടിലെ സുമനസുകളുടെ സഹായം കൂടി സ്വീകരിച്ച് 9.5 ലക്ഷം രൂപയോളം ചെലവഴിച്ചാണ് രണ്ട് കിടക്കമുറികൾ, ഹാൾ, അടുക്കള എന്നിവയടങ്ങിയ വീട് പൂർത്തിയാക്കിയത്. നിർമ്മാണ കമ്മിറ്റി ചെയർമാൻ പി .ജി .സൈറസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, എ .എം. ആരിഫ് എം .പി, സി.പി. എം ജില്ലാ കമിറ്റിയംഗം എച്ച്. സലാം, ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ, പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, ഫാദർ മാത്യു അറേക്കളം, സെൻ കല്ലുപുരക്കൽ എന്നിവർ സംസാരിച്ചു. സുരാജ്, ഹബീബ് തയ്യിൽ, ജോയി, സി. ഷാംജി, കെ .എം. സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.