bf

ഹരിപ്പാട്: സാമൂഹിക അടുക്കളയിലേക്ക് സമാഹരിച്ച ഭക്ഷ്യധാന്യവും പലവ്യഞ്ജനവും ഉപയോഗശൂന്യമായതായി പരാതി. മുതുകുളം ഗ്രാമപഞ്ചായത്തിൽ നടന്ന സാമൂഹിക അടുക്കളയിലേക്ക് ജനങ്ങളിൽ നിന്നും സമാഹരിച്ച ഭക്ഷ്യധാന്യങ്ങളാണ് ഉപയോഗശൂന്യമായത്. ഉപയോഗിച്ചതിന് ശേഷമുള്ള 40 ചാക്ക് അരിയും 1000ത്തിന് മുകളിൽ നാളീകേരവും പലവ്യഞ്ജനങ്ങളും പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരുടെ മുറിയിൽ ശേഖരിച്ചു വച്ചിട്ട് നാല് മാസത്തോളം കഴിഞ്ഞുവെന്ന് പറയുന്നു. ഭക്ഷ്യധാന്യങ്ങൾ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യാതെ ഉപയോഗശൂന്യമാക്കിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി മുതുകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമൂഹിക അകലം പാലിച്ച് പഞ്ചായത്ത് പടിക്കൽ നിൽപ് സമരം നടത്തി. ബി.ജെ.പി ഹരിപ്പാട് മണ്ഡലം കമ്മിറ്റി അംഗം എസ്. സോമശേഖര പിള്ള ഉദ്ഘാടനം ചെയ്തു. ആമച്ചാലിൽ ഉണ്ണി അദ്ധ്യക്ഷനായി, കെ.ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. എം.മഹേഷ്, ജെ.അയ്യപ്പൻ, ജി.ചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. തുടർന്ന് പഞ്ചായത്ത് അധികാരികളെ കണ്ട് വിവരം ബോദ്ധ്യപ്പെടുത്തുകയും മുതുകുളം മെഡിക്കൽ ഓഫീസറോട് ഭക്ഷ്യധാന്യങ്ങൾ കേടായ വിവരം ധരിപ്പിച്ചു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടറുടെ പരിശോധനയിൽ ഭക്ഷ്യധാന്യങ്ങൾ ഉപയോഗശൂന്യമാണെന്ന് ബോദ്ധ്യപ്പെട്ടു.