ഹരിപ്പാട്: തമിഴ്‌നാട്ടിൽ നിന്ന് ഉദ്യോഗസ്ഥരെത്തിയതിനെ തുടർന്ന് കായംകുളം എൻ.ടി.പി.സി.യുടെ പ്രധാന കവാടത്തിൽ പ്രതിഷേധം. ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്നവരെ ക്വാറന്റീൻ ചെയ്യാതെ പ്ലാന്റിൽ പ്രവേശിപ്പിക്കുന്നുവെന്നാരോപിച്ചാണ് തൊഴിലാളി സംഘടനകളും ചില നാട്ടുകാരും ചേർന്ന് പ്രതിഷേധിച്ചത്. സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നു ഉദ്യോഗസ്ഥരാണ് പ്ലാന്റിൽ എത്തിയത്. ഇവർ ഏതാനം ദിവസങ്ങളിലേക്ക് മാത്രമാണ് ഇവിടെ എത്തിയതെന്നും ഉടൻ തിരികെ പോകുമെന്നുമാണ് അധികൃതർ പറഞ്ഞത്. കഴിഞ്ഞ ആഴ്ചയും ഇത്തരത്തിൽ ഉദ്യോഗസ്ഥർ വന്നുപോയിരുന്നു.
എൻ.ടി.പി.സി.യിലെ പ്രദേശവാസികളായ കരാർ തൊഴിലാളികൾ ബുധനാഴ്ച ജോലി ബഹിഷ്‌കരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ നാലുപേർ ക്വാറന്റൈൻ മാനദണ്ഡങ്ങൾ പാലിക്കാതെ പ്ലാന്റിൽ പണി ചെയ്‌തെന്നാരോപിച്ചാണ് ജോലി ബഹിഷ്‌കരിച്ചത്. ഇതിനെ തുടർന്ന് അധികൃതരും തൊഴിലാളി സംഘടനകളുടെയും യോഗം നടന്നു. പുറത്തുനിന്ന് വരുന്ന തൊഴിലാളികളെ ക്വാറന്റൈൻ പാലിക്കാതെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് യോഗത്തിൽ ധാരണയായി.