ആലപ്പുഴ: പ്രതിരോധ പ്രവർത്തനങ്ങളിൽ ഐ.എസ്.എം വകുപ്പും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയും മികച്ച നിലയിൽ പ്രവർത്തിച്ചിട്ടും കൊവിഡ് വ്യാപനത്തിന് കാരണം ആയുഷ് വകുപ്പാണെന്ന ഐ.എം.എയുടെ കണ്ടെത്തൽ അപക്വമാണെന്നും തിരുത്തണമെന്നും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ ആയുർവേദ ഡോക്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കണം.സർക്കാർ ആയുർവേദ ആശുപത്രികളിലെ ഡോക്ടർമാരെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിക്കുമ്പോൾ മറ്റ് ജോലികളുടെ പ്രവർത്തനങ്ങൾ താളംതെറ്റും. കേരളത്തിൽ ക്വാറന്റൈനിലായിരുന്ന 1.2 ലക്ഷത്തിൽപ്പരം രോഗികൾക്ക് ആയുർവേദ വകുപ്പ് നടപ്പാക്കുന്ന അമൃതം പദ്ധതിയിലൂടെ പ്രതിരോധ ഔഷധ വിതരണം ചെയ്തപ്പോൾ വെറും 0.37 ശതമാനം പേർക്ക് മാത്രമാണ് പോസിറ്റീവായത്. ഈ ഡാറ്റകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടും ആയുർവേദം ചികിത്സിക്കാനുള്ള അനുവാദം ഇനിയും നൽകിയിട്ടില്ല.
ജില്ലാ പ്രസിഡന്റ് ഡോ. സൈനുലാബ്ദീന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ഡോ.അനീഷ് നൂറനാട്, ഡോ.വിഷ്ണു നമ്പൂതിരി, ഡോ.കൃഷ്ണകുമാർ, ഡോ.റോയ് ബി.ഉണ്ണിത്താൻ, ഡോ.രാജേഷ്, ഡോ.മഹേഷ്, ഡോ.ജയൻ, ഡോ.എ.പി.ശ്രീകുമാർ, ഡോ.മധു, ഡോ.രഞ്ജിത്ത്, ഡോ.ഷജീവ്, ഡോ.ജയരാജ്, ഡോ.ലീന പി.നായർ, ഡോ.ശർമിള സലിം തുടങ്ങിയവർ പങ്കെടുത്തു.