a

മാവേലിക്കര : ആഡംബര കാറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഏഴ് കിലോ കഞ്ചാവുമായി രണ്ട് ബി.ടെക്കുകാർ പിടിയിലായി. പെരിങ്ങാല കൊയ്പള്ളികാരാഴ്‌മ രാജമംഗലം വീട്ടിൽ സോനു (25), ലക്ഷ്മി നിവാസിൽ സിജിൻ (23) എന്നിവരാണ് അറസ്റ്റിലായത്‌. ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ മാവേലിക്കര സി.ഐ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ആന്റിനാർക്കോട്ടിക് എസ്.ഐ ഇല്യാസിന്റെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായി കഴിഞ്ഞ ദിവസം രാത്രി ചെട്ടികുളങ്ങര തട്ടാരമ്പലം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്‌. സംശയം തോന്നി കൈകാണിച്ചപ്പോൾ നിറുത്താതെ അമിത വേഗതയിൽ കാർ ഓടിച്ചുപോയ പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഡിക്കിയിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി. പിടിയിലായപ്പോൾ തളർന്നു വീണ സോനുവിനെ കായംകുളം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടറുടെ പരിശോധനയിൽ പൂർണ ആരോഗ്യവാനാണെന്ന് തെളിഞ്ഞതിനാൽ സ്റ്റേഷനിലേക്ക് മാറ്റി.

സിജിൻ ബി ടെക് വിദ്യാർത്ഥിയാണ്. സോനു ബി ടെക് പൂർത്തിയാക്കിയ ശേഷം സ്വകാര്യ ആംബുലൻസ് ഡ്രൈവറായി ജോലി നോക്കി വരികയുമായിരുന്നു. സിജിന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ എറണാകുളത്ത് നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 9 ലക്ഷം രൂപ വരെ വിലവരുമെന്ന് സി.ഐ ബി.വിനോദ് കുമാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കി. ഇരുവരെയും റിമാൻഡ് ചെയ്തു.

മാവേലിക്കര എസ്.ഐ ജിനു.ജെ.യു, ആന്റി നർക്കോട്ടിക്ക് എസ്.ഐ സന്തോഷ് കുമാ‌ർ.റ്റി, സീനിയർ സി.പി.ഒ പ്രാതാപ് മേനോൻ, സി.പി.ഓമാരായ മുഹമ്മദ് ഷെഫീഖ്, അരുൺ ഭാസ്കർ, മുഹമ്മദ് ഷാഫി, ഹരികൃഷ്ണൻ, ഗിരീഷ് ലാൽ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.