photo

 വനിതാ ജീവനക്കാർ ഓടി രക്ഷപ്പെട്ടു

ചേർത്തല: നഗരത്തിലെ ജൂവലറിയിൽ ഓടിക്കയറിയ യുവാവ് മുൻഭാഗത്തെ ഗ്ളാസും ഷെൽഫും കൗണ്ടറും ത്രാസും കസേര കൊണ്ട് തല്ലിത്തകർത്തു. ഇയാൾ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചതോടെ ജീവനക്കാർ ഓടി രക്ഷപ്പെട്ടു. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും മുമ്പ് മറ്റൊരു സ്ഥാപനത്തിലും സമാന രീതിയിൽ ആക്രമണം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പടയണി പാലത്തിന് സമീപത്തെ ജോൺസൺ ജുവലറിയിലാണ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. വനിതാ ജീവനക്കാർ മാത്രമേ ഈ സമയം കടയിൽ ഉണ്ടായിരുന്നുള്ളൂ. .പ്രദേശത്ത് ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച വല്ലയിൽ ക്ഷേത്രത്തിന് സമീപമുള്ള യുവാവിനെ പൊലീസ് എത്തി പിടികൂടി. സമീപത്തെ ഓട്ടോ സ്​റ്റാൻഡിൽ എത്തിയ യുവാവ് യാതൊരു പ്രകോപനവുമില്ലാതെ ജൂവലറിയിലേക്ക് ഓടിക്കയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി ഉടമ ജിതിൻ ജോൺ പറഞ്ഞു.

അക്രമിക്കെതിരെ കേസെടുക്കണം

നടക്കാവ് റോഡിലെ ജോൺസൺ ജൂവലറിയിൽ കയറി അക്രമം നടത്തുകയും ആയിരക്കണക്കിന് രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്ത അക്രമിക്കെതിരെ കേസെടുക്കണമെന്ന് ചേർത്തല മർച്ചന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.പ്രസിഡന്റ് എം.ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ബി.ഭാസി,സെക്രട്ടറി സിബി പഞ്ഞിക്കാരൻ,എ.എസ്.സെയ്ഫൂദ്ദീൻ,ട്രഷറർ ബാബു നാരായണൻ എന്നിവർ പങ്കെടുത്തു.