അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ വെള്ളിയാഴ്‌ച മി​ഴി​ തുറക്കും. 39,78,931 രൂപാ ചെലവിൽ 38 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയായ കളർകോട് മുതൽ തോട്ടപ്പള്ളി കൊട്ടാരവളവ് വരെ 17 സ്ഥലങ്ങളിലായാണ് 19 കി.മീ. ദൈർഘ്യത്തിൽ ഇവ സ്ഥാപിച്ചത്.സൗരോർജത്തിൽ പ്രവർത്തിക്കുന്ന വയർലെസ് മൂൺ ലൈറ്റ് കാമറകളാണിത്. രാത്രി കാല ദൃശ്യങ്ങളും ഇതിൽ വ്യക്തമായി പതിയും. അപകട രഹിത,മാലിന്യ രഹിത അമ്പലപ്പുഴ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് പറഞ്ഞു. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, അഞ്ച് ഗ്രാമ പഞ്ചായത്ത് ഓഫീസുകൾ, അമ്പലപ്പുഴ, പുന്നപ്ര പൊലീസ് സ്റ്റേഷനുകളി​ലും എന്നിവിടങ്ങളിലും, ജില്ലാ ഭരണകൂടം നിർദേശിക്കുന്ന ജില്ലാ ഓഫീസുകളിലും ലഭ്യമാകും .ഇന്ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.സുധാകരൻ കാമറകളുടെ സ്വിച്ച് ഓൺ നിർവഹിക്കും