തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയുടെ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വർദ്ധിച്ചു. ഇന്നലെ 64 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത് . ആദ്യമായാണ് ഇത്രയും കേസുകൾ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്നത്. പട്ടണക്കാട് ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. പഞ്ചായത്തിലെ 1,5,12,14,17 വാർഡുകളിലായി 47 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചാം വാർഡിൽ മാത്രം സമ്പർക്കം മൂലം 31 പേർക്കാണ് രോഗം. കൊവിഡ് സ്ഥിരീകരിച്ചവരിൽ പലരും വീടുകളിൽ നടന്ന ചടങ്ങിൽ പങ്കെ‍ടുത്തവരാണ്. അരൂർ പഞ്ചായത്ത് 22–ാം വാർഡിൽ ഒരു കുടുംബത്തിലെ 4 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2 വയസ്സുള്ള ഒരു കുട്ടിയും ഇതിലുൾപ്പെടും. അരൂർ പഞ്ചായത്തിലെ രോഗികളുടെ ആകെ എണ്ണം ഇന്നലെ 6 ആണ് .ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി അടുത്ത ദിവസം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ജവഹർ പറഞ്ഞു. പട്ടണക്കാട് ഗ്രാമ പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും രോഗ ലക്ഷണം പ്രകടിപ്പിക്കുന്നവരെ സ്രവ പരിശോധനയ്ക്കു വിധേയമാക്കാനാണ് ആരോഗ്യ വകുപ്പധികൃതരുടെ തീരുമാനം.