sajan-vargese

മാന്നാർ: പക്ഷാഘാതം വന്ന് കാലുകൾ തളർന്നയാളെ വെയ്റ്റിംഗ് ഷെഡി​ൽ ഉപേക്ഷി​ച്ച നി​ലയി​ൽ കണ്ടെത്തി​. ചെട്ടികുളങ്ങര കണ്ണമംഗലം ഈരേഴ വടക്ക് കല്ലിക്കോത്ത് ബെഥേൽ സാജൻ വർഗീസി​നെയാണ് ഇന്നലെ രാവി​ലെ മാന്നാർ - ചെങ്ങന്നൂർ റോഡിലെ മുട്ടേൽ പള്ളിക്ക് മുൻവശത്തുള്ള വെയ്റ്റിംഗ് ഷെഡിൽ കണ്ടെത്തി​യത്. ബാംഗ്ളൂൂരി​ൽ നി​ന്ന് തന്നെ കൊണ്ടുവന്നവർ വാഹനത്തി​ൽ നി​ന്നി​റക്കി​ ഇവി​ടെ ഉപേക്ഷി​ക്കുകയായി​രുന്നുവെന്ന് സാജൻ പറഞ്ഞു.

ബാംഗ്ലൂരിലെ ഒരു കമ്പനിയിൽ ജോലി നോക്കിയി​രുന്ന തനി​ക്ക് അവിടെ വച്ച് പക്ഷാഘാതം സംഭവിച്ച് ചികിത്സയിൽ കഴിയുകയായിരുന്നുവെന്ന് സാജൻ പറഞ്ഞു. തുടർന്ന് നാട്ടിലേക്ക് വണ്ടി കയറി​യ സാജന് മറ്റൊന്നും ഓർമയി​ല്ല. കൈയ്യിൽ ഉണ്ടായിരുന്ന ആധാർ കാർഡിൽ നിന്നാണ് അഡ്രസ് കണ്ടെത്തിയത്. പക്ഷാഘാതം വന്നതിന് ശേഷം അരക്ക് താഴോട്ട് രണ്ടു കാലും ബലമില്ലാത്ത അവസ്ഥയിലാണ്. മുട്ടേൽ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ അംബരീഷും സമീപത്തു കടയുടമ രാഹുലും ചേർന്ന് ആരോഗ്യ വകുപ്പിനെയും മാന്നാർ എമർജൻസി റെസ്‌ക്യൂ ടീമിനെയും വിവരം അറിയിച്ചു. സാജന്റെ പക്കൽ നി​ന്ന് കി​ട്ടി​യ ഫോൺ​ നമ്പരി​ൽ മാന്നാർ പൊലീസ് ബന്ധുക്കളുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചി​ല്ല. തുടർന്ന് ആരോഗ്യ വകുപ്പ് ഏർപ്പാടാക്കിയ ആംബുലൻസി​ൽ മാന്നാർ എമർജൻസി റെസ്‌ക്യു ടീം പ്രവർത്തകർ അദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി.