കായംകുളം: രാമക്ഷേത്രം പാകിസ്ഥാനും ചൈനയും ബോംബിട്ട് തകർത്തോളുമെന്ന് വാട്സ്ആപ്പിൽ പോസ്റ്റിട്ട ചെരുപ്പ് വ്യാപാരിക്കെതിരെ കായംകുളം പൊലീസ് കേസെടുത്തു. കായംകുളം ലിങ്ക് റോഡിലെ പ്ളാസാ പാരഡൈസ് എന്ന സ്ഥാപനത്തിന്റെ ഉടമ നാസറിനെതിരെയാണ് കേസെടുത്തത്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് കമ്മിറ്റിയുടെ ഗ്രൂപ്പിലാണ് നാസർ പോസ്റ്റ് ഷെയർ ചെയ്തത്.
ഭാര്യയും ഭർത്താവും തമ്മിലുള്ള സംഭാഷണം പോലുള്ള മെസേജാണ് പ്രചരിക്കുന്നത്. രാമക്ഷേത്രം അടിച്ച് തകർക്കണമെന്ന് പറഞ്ഞ് ഭാര്യയാണ് തുടക്കമിടുന്നത്. സമൂഹത്തിൽ മനപ്പൂർവം ലഹളയുണ്ടാക്കാൻ ശ്രമിച്ചതിന് ഐ.പി.സി 155 വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് കായംകുളം സ്റ്റേഷൻ ഹൗസ‌് ഓഫീസർ മുഹമ്മദ് ഷാഫി പറഞ്ഞു. ഭാര്യയെ പ്രതിയാക്കുന്ന കാര്യം അന്വേഷണത്തിന് ശേഷം തീരുമാനിക്കും. വോയ്സ് മെസേജ് സഹിതം വിവിധ സംഘടനകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.