ആലപ്പുഴ: ആലപ്പുഴക്കാരുടെ സിനിമാ ഓർമകളിലെ മിഴിവാർന്ന ഏടായ 'വിയറ്റ്നാം കോളനി കെട്ടിടം' ചരിത്രത്തിന്റെ ഇരുണ്ട റീലുകളിലേയ്ക്ക് പിൻവാങ്ങുന്നു. ഗുജറാത്തി ജെയിൻ ക്ഷേത്ര കമ്മിറ്റിയുടെ കെട്ടിടത്തിന്റെ ഒരുഭാഗത്തെ മേൽക്കൂര തകർന്നതോടെയാണ് സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷൻ കൂടിയായ കെട്ടിടത്തിന്റെ ഭാവി തുലാസിലായത്.
വിയറ്റ്നാം കോളനിയിലെ കൃഷ്ണമൂർത്തിയും കെ.കെ. ജോസഫും പ്രേക്ഷകർക്ക് ഒരിക്കലും മറക്കാത്ത നർമ്മത്തിന്റെ മൂഹൂർത്തങ്ങൾ ഒരുക്കിയത് ഈ കെട്ടിടത്തിലാണ്. നായകൻ മോഹൻലാൽ, നായിക കനക, കലാസംവിധായകൻ മണി സുചിത്ര സഹനടൻമാർ ഉൾപ്പെടെയുള്ളവർ രണ്ടുമാസം ആലപ്പുഴയിൽ താമസിച്ചാണ് ചിത്രീകരണം നടത്തിയത്.
അന്ന് ഗുജറാത്തി ജെയിൻ സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം ചിത്രീകരണത്തിന് നൽകിയത് ഹനുമാൻ ട്രേഡിംഗ് കമ്പനിയിലെ എം.ഡി. ബെൻസിയാണ്. അന്ന് ചിത്രീകരണത്തിന് ലഭിച്ച കെട്ടിടത്തിന് ഒരുഭാഗമാണ് കഴിഞ്ഞ ദിവസം തകർന്നത്.
കെട്ടിടത്തിന്റെ അവസ്ഥ പരിശോധിക്കാൻ എത്തിയ ആലപ്പുഴ നഗരസഭാ എൻജിനീയർ, പരിശോധനാ റിപ്പോർട്ടിൽ നിലവിലുള്ള കെട്ടിടങ്ങളുടെ മുകളിലത്തെ നിലകൾ ഒഴിവാക്കി ഗ്രൗണ്ട്ഫ്ലോറുകൾ നിലനിർത്താൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ പിന്നീട് നഗരസഭാ സെക്രട്ടറി കാലപ്പഴക്കം ചെന്ന കെട്ടിടവും പൂർണമായും പൊളിച്ച് നീക്കാൻ ഉടമയ്ക്ക് നോട്ടീസ് നൽകി.
ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന് കിഴക്ക് ഒരേക്കർ സ്ഥലത്താണ് ജെയിൻ ശ്വേതബർ സംഘത്തിന്റെ കെട്ടിടം സ്ഥിതിചെയ്യുന്നത്. വിയറ്റ്നാം കോളനിയുടെ ചിത്രീകരണത്തിന് കെട്ടിടത്തിന്റെ രണ്ട് ഭാഗമാണ് എടുത്തത്. പ്രധാന ലൊക്കേഷൻ ഇപ്പോൾ സൈനികരുടെ കാന്റീൻ നടത്തുന്ന ഭാഗമാണ്. ഈ കെട്ടിടത്തോട് ചേർന്ന് നിൽക്കുന്ന മറ്റോരു കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. ഇവിടെ ഏഴ് കുടുംബങ്ങളും അത്രയും തന്നെ കടകളും പ്രവർത്തിക്കുന്നുണ്ട്.
കുടിയൊഴിയൽ പ്രശ്നവും
നഗരസഭയുടെ നോട്ടീസ് ലഭിച്ചതിനെതുടർന്ന് വാടകക്കാർ ഒഴിഞ്ഞുമാറണമെന്ന് ജെയിൻ ശ്വേതബർ സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾക്ക് മറ്റോരു ഇടം കണ്ടെത്താനാകാതെ ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന നിലപാടിലാണ് വാടകക്കാർ.
ഏകാധിപത്യ രീതിയിലുള്ള നിലപാടാണ് ഇവരുടേതെന്ന് വാടകക്കാർ ആരോപിക്കുന്നു.
ഇതോടനുബന്ധിച്ച് ജെയിൻ ശ്വേതബർ സംഘത്തിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെ സംബന്ധിച്ച തർക്കവും ഉയർന്നിട്ടുണ്ട്.
.............................
ജെയിൻ കെട്ടിടത്തിനോടൊപ്പം മുപ്പാലത്തിലും വിയറ്റ്നാം കോളനിയുടെ ചിത്രീകരണം നടത്തിയിരുന്നു. കോമേഴ്സൽ,വാടക്കനാൽ, ഉപ്പുട്ടികനാലുകൾക്ക് കുറുകേ നിർമ്മിച്ച പാലമാണ് മുപ്പാലം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെ നിരവധി ചിത്രങ്ങൾക്ക് ലോക്കേഷന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
"ആലപ്പുഴയിൽ താമസക്കാർക്ക് മാത്രമേ ജെയിൻ ശ്വേതാംബർ സംഘത്തിന്റെ ഭാരവാഹിയാകാനാവൂ എന്നാണ് നിയമാവലി. ഇതിന് വിരുദ്ധമായിട്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് നടന്നത്.
രമേശൻ, ജെയിൻ ശ്വേതബർ സംഘാംഗം
.......................................................