ambala

അമ്പലപ്പുഴ: സ്റ്റൗ കത്തിക്കുന്നതിനിടെ പാചക വാതക സിലിണ്ടർ ചോർന്ന് ചായക്കട കത്തിനശിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കാക്കാഴം അൽ അമീൻ സ്കൂളിന് പടിഞ്ഞാറ് അസ്ലമിന്റെ ഉടമസ്ഥതയിലുള്ള സുഹറാസ് ടീ ഷോപ്പാണ് കത്തിനശിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ ജീവനക്കാരൻ എത്തി സ്റ്റൗ കത്തിക്കുമ്പോൾ തീ ആളിപ്പടരുകയായിരുന്നു. ഡെസ്ക്കുകൾ, മേശ, കസേരകൾ, ഫാനുകൾ, പാത്രങ്ങൾ, മേൽക്കൂരയിലെ ഷീറ്റ്, മച്ച് എന്നിവയെല്ലാം നശിച്ചു. സമീപവാസികൾ ഓടിയെത്തി തീയണച്ചു. ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സ് തീ അണച്ചതിനാൽ മറ്റു കടകളിലേക്ക് പടർന്നില്ല. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി അസ്ലം പറഞ്ഞു.