ഹരിപ്പാട്: വീയപുരത്തും ചെറുതനയിലും വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശം.
വീയപുരം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ ആറ്റുമാലിൽ പുത്തൻപുരയിൽ മാമൻ ഇടിക്കുള, ,ചെറുതന പഞ്ചായത്ത് മൂന്നാം വാർഡിൽ പുത്തൻ തുരുത്തിൽ രവി, പുത്തൻ തുരുത്തിൽ കബീർ എന്നിവർക്കാണ് നാശനഷ്ടം ഉണ്ടായത്. മേൽപ്പാടത്ത് മാമൻ ഇടിക്കുളയുടെ ഓട് മേഞ്ഞതും വാർപ്പോട് കൂടിയതുമായ വീടിൻ്റെ മുകളിലേക്ക് ചുഴലിക്കാറ്റിൽ സമീപത്തെ പുളിമരം ഒടിഞ്ഞു വീണു. ഓട് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു. മുറിയിലെ വീട്ടുപകരണങ്ങൾ നശിച്ചു. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. ചെറുതനയിലും ഇതേ സമയത്തു തന്നെയാണ് കാറ്റ് വീശിയത്. പുത്തൻതുരുത്തിൽ കബീറിൻ്റെ തകരഷീറ്റിട്ട ചായക്കടയും അതിലെ ഉപകരണങ്ങളും നശിച്ചു. ഇതോടെ ജീവിതവും വഴിമുട്ടിയ അവസ്ഥയിലാണ്. സമീപത്തെ രവിയുടെ വീട്ടിലെ ആഞ്ഞിലി കടപുഴകി വീണത് വൈദ്യുതി ലൈനിലേക്കാണ്. കോൺക്രീറ്റ് പോസ്റ്റ് ഒടിഞ്ഞു നിലംപതിക്കുന്ന അവസ്ഥയിലാണുള്ളത്. മൂന്ന് പോസ്റ്റുകളാണ് ഏത് നിമിഷവും നിലത്തു വീഴുമെന്ന അവസ്ഥയിലുള്ളത്. സമീപത്ത് പല ചരക്ക് കടയും മിൽമ സഹകരണ സംഘവും പ്രവർത്തിക്കുന്നുണ്ടെങ്കിലും ആളുകൾ പരിസരത്ത് ഇല്ലാതിരുന്നനാലാണ് വൻ ദുരന്തം ഒഴിവായത്. മൂന്നു മണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു. ഹരിപ്പാട്ട് നിന്ന് അഗ്നിശമന സേനയെത്തി മരം മുറിച്ചു മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.