s

 കൊവിഡിനൊപ്പം മഴയും കൈതച്ചക്ക വിപണിക്ക് ഭീഷണി

ആലപ്പുഴ : കൊവിഡിൽ തകർന്ന കൈതച്ചക്ക വിപണിക്ക് മഴയുടെ വരവ് ഇരട്ടി പ്രഹരമായി. മഴക്കാലം പഴങ്ങൾക്ക് അത്ര ഡിമാൻഡുള്ള കാലമല്ല. ഇതോടെ, ഉപഭോക്താക്കളെത്തുമെന്ന പ്രതീക്ഷയിൽ വാഹനങ്ങളിൽ ലോഡ് കണക്കിന് കൈതച്ചക്കയുമായി എത്തിയവർ പലരും നിരാശരായി മടങ്ങുകയാണ്. വിപണി ഉണർവിലാകുന്ന വേനൽക്കാലം കൊവിഡ് തകർത്തതോടെ കൈതച്ചക്ക കൃഷിയിൽ സംസ്ഥാനത്ത് 300 കോടി രൂപയുടെ നഷ്ടം നേരിട്ടതായാണ് കണക്ക്. കയറ്റുമതി പേരിനുമാത്രമാണ് നടക്കുന്നത്. ഏതാനും ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് നിലവിൽ പൈനാപ്പിൾ കയറ്റി അയക്കുന്നത്. ശരാശരി 150 ടൺ കച്ചവടം നടക്കേണ്ടിയിരുന്ന കാലയളവിൽ 30 ടൺ പോലും വിൽപ്പന നടന്നിട്ടില്ലെന്ന് വാഴക്കുളത്തെ കൈതച്ചക്ക കച്ചവടക്കാരനായ ബേബി ജോൺ പറഞ്ഞു. സംസ്ഥാനത്ത് 45,000 ഏക്കറിലായി ഏഴായിരം കർഷകർ കൈതച്ചക്ക കൃഷി നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇത്തവണത്തെ വിപണിത്തകർച്ചയിൽ കർഷകരും കച്ചവടക്കാരും ഒരുപോലെ കുഴങ്ങുകയാണ്. വിളവെടുപ്പിന് പാകമായിക്കൊണ്ടിരിക്കുന്ന ചക്കകൾക്കും മഴ ഭീഷണിയാണ്. ചക്കയുടെ തനതായ രുചി നഷ്ടമാകും. കൊവിഡിന് മുൻപ് പ്രതിവർഷം 800 കോടി രൂപ വിലവരുന്ന നാലു ലക്ഷം ടൺ കൈതച്ചക്കയാണ് വിപണിയിൽ വിറ്റഴിച്ചിരുന്നത്. ഇതരസംസ്ഥാനത്തൊഴിലാളികൾ ഉൾപ്പടെ ആയിരക്കണക്കിന് തൊഴിലാളികളാണ് കേരളത്തിൽ പൈനാപ്പിൾ കൃഷിയെ ആശ്രയിക്കുന്നത്. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിലുണ്ടായ ഇടിവും പൈനാപ്പിൾ വിപണിയെ ബാധിച്ചു.

30 : കൊവിഡ് കാലത്ത് നടന്നത് 30 ടണ്ണിൽ താഴെ കച്ചവടം

800 : കൊവിഡിന് മുൻപ് പ്രതിവർഷം 800 കോടി രൂപയുടെ കച്ചവടം നടന്നിരുന്നു

ശരാശരി വിപണിയുടെ മൂന്നിലൊന്ന് കച്ചവടം പോലും നിലവിൽ നടക്കുന്നില്ല. കയറ്റുമതിയും പേരിനു മാത്രമാണ് . മഴക്കാലം വിപണിയെയും ഉത്പാദനത്തെയും ഒരുപോലെ ബാധിക്കും

- ബേബി ജോൺ, വ്യവസായി, വാഴക്കുളം പൈനാപ്പിൾ