ആലപ്പുഴ: നാൽപ്പതിനായിരത്തിലേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന, 15 കിലോമീറ്റർ നീളവും 1.5 കിലോ മീറ്റർ വീതിയുള്ള ചെല്ലാനം പഞ്ചായത്തിനെ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ മനോഭാവം തീർത്തും ലജ്ജാകരമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർവെള്ളാപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു.
കടൽഭിത്തികൾ തകർന്നിട്ട് വർഷങ്ങളേറെ ആയി. ഫോർട്ട് കൊച്ചി അഴിമുഖത്ത് നിന്നും എകദേശം ആറ് കിലോ മീറ്റർ തെക്ക് ഭാഗത്ത് തുടങ്ങി ആലപ്പുഴ ജില്ലയുടെ വടക്കേ തീരദേശാതിർത്തിയായ സൗത്ത് ചെല്ലാനം വരെ നീളുന്ന ചെല്ലാനം പഞ്ചായത്തിന്റെ പല ഭാഗങ്ങളിലേയും കടൽഭിത്തി തകർന്നു കിടക്കുന്നതിനാൽ കടൽക്ഷോഭം ഉണ്ടാവുമ്പോൾ ഈ പ്രദേശത്ത് വൻനാശനഷ്ടങ്ങളാണ് ഉണ്ടാവുന്നത്. മാറിവരുന്ന സംസ്ഥാന സർക്കാരുകൾ ഇതിൽ ന്യായപൂർവ്വമായ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. ജനങ്ങളുടെ വോട്ടിനേക്കാൾ വില അവരുടെ ജീവനും സ്വത്തിനും ഉണ്ടെന്ന് മനസ്സിലാക്കാത്തത് ലജ്ജാവഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാർ കഴിഞ്ഞ നാല് വർഷത്തിനിടയിൽ ചെല്ലാനത്ത് നിരവധി തവണ കടൽഭിത്തി നിർമ്മാണ ഉദ്ഘാടനങ്ങൾ നടത്തിയെങ്കിലും ഇന്നുവരെ അതിന്റെ പ്രവർത്തനങ്ങൾ ഒന്നുംതന്നെ ആരംഭിച്ചിട്ടില്ല. 2018 ജൂലായ് 25 ന് മന്ത്റി മേഴ്സിക്കുട്ടിയമ്മ ചെല്ലാനത്ത് വന്ന് കടൽഭിത്തി നിർമ്മാണ ഉദ്ഘാടനം നടത്തി, 135 കോടി രൂപ അനുവദിച്ചെന്നുപറഞ്ഞ് ചെല്ലാനത്ത് നിരവധി പരസ്യ ബോർഡുകൾ സ്ഥാപിച്ചതല്ലാതെ യാതൊരു പ്രവർത്തനവും നടത്തിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടൽക്ഷോഭത്തിൽ ചെല്ലാനത്തെ ഭൂരിഭാഗം വീടുകളിലും കടൽ വെള്ളം കയറി. ചെല്ലാനത്തുകാർക്കാവശ്യം പുലിമുട്ടോടുകൂടിയ സീവാൾ സംവിധാനം ആണ്. കല്ല് കിട്ടാനില്ലെങ്കിൽ കോൺക്രീറ്റ് കൊണ്ടുള്ള ബ്ലോക്കുകൾ ഉപയോഗിക്കണം. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ ഈ വിഷയത്തിലുണ്ടാകാൻ കേന്ദ്രമന്ത്റിക്ക് കത്തു നൽകുമെന്നും തുഷാർ പറഞ്ഞു.