ആലപ്പുഴ: ഇന്നലെ 99പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 961ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ വിദേശത്തു നിന്നും മൂന്നു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 94 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
ഇന്നലെ 30പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 1292 ആയി . ഓരോ ദിവസവും സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക ഉയർത്തുന്നു. ചെട്ടികാട്, നൂറനാട് പ്രദേശങ്ങളിലാണ് സമ്പർക്ക വ്യാപനം കൂടുതൽ. ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെ ഡ്രൈവർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ നിരീക്ഷണ സ്ഥലങ്ങളിൽ എത്തിക്കുന്നതിനായിഡ്യൂട്ടി നോക്കിയ ഡ്രൈവർക്കാണ് രോഗം ബാധിച്ചത്. ഇയാളുമായി സമ്പർക്കത്തിലുള്ള മുഴവൻ പേരെയും ക്വാറന്റൈനിലാക്കും. സമ്പർക്കപട്ടിക തയ്യാറാക്കി വരുകയാണെന്ന് ഡി.ടി.ഒ അശോക് കുമാർ പറഞ്ഞു.
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 6924
ആലപ്പുഴ മെഡി.ആശുപത്രിയിൽ: 281
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ: 50
ആലപ്പുഴ ജനറൽ ആശുപത്രിയിൽ: 1
തുറവൂർ ഗവ.ആശുപത്രിയിൽ:68
കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ:228
വഴിച്ചേരി വലിയ മാർക്കറ്റ് അടച്ചു
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരസഭയിലെ വലിയ മാർക്കറ്റ് പൂർണമായും അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. നഗരസഭയിലെ വഴിച്ചേരി, തുമ്പോളി, തത്തംപള്ളി എന്നീ വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളാക്കി.
ചെട്ടികുളങ്ങര പഞ്ചായത്തിലെ 1, 21 വാർഡുകൾ, പുന്നപ്ര നോർത്ത് പഞ്ചായത്തിലെ 2, 15 വാർഡുകൾ എന്നിവയാണ് മറ്റ് കണ്ടെയിൻമെന്റ് സോണുകൾ.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2ാം വാർഡ്, ആലപ്പുഴ നഗരസഭ വാർഡ് 51, ചേർത്തല നഗരസഭ വാർഡ് 27, 30, തണ്ണീർമുക്കം- വാർഡ് 21, 23, എന്നീ വാർഡുകളെ കണ്ടെയിൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി. തുറവൂർ പഞ്ചായത്തിലെ 9, 10, 11 വാർഡുകൾ ഒഴികെ ബാക്കി എല്ലാ വാർഡുകളെയും എഴുപുന്ന പഞ്ചായത്തിൽ 10ാം വാർഡ് ഒഴികെ ഉള്ള വാർഡുകളെയും കണ്ടെയിൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.