ആലപ്പുഴ: ആലപ്പുഴ ബൈപാസ് നിർമ്മാണത്തിന്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുതിരപ്പന്തി റെയിൽവേ മേൽപാലത്തിന്റെ കോൺക്രീറ്റ് ജോലികൾ ഇന്ന് ആരംഭിക്കുമെന്ന് മന്ത്റി ജി. സുധാകരൻ അറിയിച്ചു.
ആഗസ്റ്റ് പകുതയോടെ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷം ഓവർ ബ്രിഡ്ജിന്റെ ഉപരിതല ടാറിംഗ് ചെയ്യുന്നതിന് ആവശ്യമായ വിദഗ്ദ്ധ തൊഴിലാളികളെ തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ കരാർ കമ്പനി ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന ഫണ്ട് ഉപയോഗിച്ചുള്ള കൊമ്മാടി, കളർകോട് ജംഗ്ഷനുകളുടെ നവീകരണവും സർവീസ് റോഡുകളുടെ നിർമാണവും ആഗസ്റ്റ് 30ഓടെ പൂർത്തീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എൻജിനിയർ ഉറപ്പു നൽകിയതായും മന്ത്റി അറിയിച്ചു.