കായംകുളം: കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ കഴിഞ്ഞ ഒന്നര മാസക്കാലത്തോളമായി അടഞ്ഞു കിടക്കുന്ന കായംകുളം മാർക്കറ്റ് നിയന്ത്രണങ്ങളോടെ വെള്ളിയാഴ്ച മുതൽ തുറന്ന് കൊടുക്കാൻ കളക്ടറേറ്റിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
എല്ലാ ദിവസവും രാത്രി 12 മണി മുതൽ രാവിലെ ആറുമണി വരെ ഇതരസംസ്ഥാനത്തുനിന്നുൾപ്പെടെ ചരക്കുമായി എത്തുന്ന വാഹനങ്ങൾക്ക് ലോഡ് ഇറക്കുന്നതിന് അനുമതി നൽകും. ചരക്ക് ഇറക്കിയ വാഹനങ്ങൾ നഗരസഭ വക റെയിൽവേ ടെർമിനൽ ബസ് സ്റ്റാന്റിൽ പാർക്ക് ചെയ്യണം. ലോറി ഡ്രൈവർമാർക്കും ക്ലീനർമാർക്കും നഗരസഭ വക കംഫർട്ട് സ്റ്റേഷനും വിശ്രമകേന്ദ്രവും ഉപയോഗിക്കുന്നതിന് അനുമതി നൽകും.
രാവിലെ ആറു മണി മുതൽ ഒമ്പതു മണി വരെ റീടെയിൽ വ്യാപാരത്തിനായി എത്തുന്നവർക്ക് കടകളിൽ നിന്നും ചെറിയ വാഹനങ്ങളിലേക്ക് ലോഡ് കയറ്റുന്നതിന് അനുമതി നൽകും. രാവിലെ ഒമ്പത് മുതൽ വൈകിട്ട് എഴ് വരെ യാതൊരു വാഹനങ്ങളുടെയും പാർക്കിംഗ് മാർക്കറ്റിൽ അനുവദിക്കില്ല. ഈ സമയത്ത് പൊതുജനങ്ങൾക്ക് സാധനങ്ങൾ വാങ്ങി കൊണ്ടുപോകുന്നതിനായി ചെറിയ വാഹനങ്ങൾക്ക് മാത്രം മാർക്കറ്റിലേക്ക് പ്രവേശിക്കാൻ അനുവാദം നല്കും.
വാഹനങ്ങളുടെ വഴി സംബന്ധിച്ച ക്രമീകരണം പൊലീസുമായി ആലോചിച്ച് തീരുമാനിയ്ക്കും.
ഞായറാഴ്ച ദിവസം മാർക്കറ്റ് അടച്ചു ശുചീകരണം നടത്തും. ഒരു ദിവസം 30 ഹെവി ചരക്കുവാഹനങ്ങൾക്ക് മാത്രമേ മാർക്കറ്റിൽ പ്രവേശനം അനുവദിക്കൂ. ഓരോ സ്ഥാപനത്തിലും, ലോഡുമായി എത്തുന്ന വാഹനത്തിന്റെ വിവരം ഡ്രൈവറുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ ലോഡ് ഇറക്കിയ തൊഴിലാളികളുടെ പേര് മേൽവിലാസം, എന്നിവ പ്രത്യേക രജിസ്റ്ററിൽ സൂക്ഷിക്കും. ഇത് നഗരസഭ ആവശ്യപ്പെടുന്ന സമയത്ത് പരിശോധനയ്ക്കായി നൽകണം.