a

മാവേലിക്കര: ശക്തമായ കാറ്റിലും മഴയിലും മാവേലിക്കരയിൽ വ്യാപക നാശനഷ്ടം. മരം കടപുഴകി വീണ് നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും കമ്പി പൊട്ടുകയും ചെയ്തു. 53 സ്ഥലങ്ങളിലാണ് മരം വീണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. പുലർച്ചെ 3 മണിയോടെയാണ് ശക്തമായ കാറ്റോടുകൂടിയ മഴ ആരംഭിച്ചത്.

കൊച്ചുപറമ്പില്‍ മുക്കിന് സമീപം കൊറ്റാര്‍കാവ് പടിപ്പുരയ്ക്കല്‍ കൃഷ്ണന്‍ കുട്ടിയുടെ വീടിന് മുകളിലേക്ക് സമീപത്തെ കെ.എസ്.ഇ.ബി ഓഫീസ് വളപ്പില്‍ നിന്ന പാഴ്മരം ഒടിഞ്ഞുവീണു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വലിയ ശബ്ദത്തോടെ വീടിന് മുകളിലേക്ക് മരം ഓടിഞ്ഞുവീഴുകയായിരുന്നു. ഒരു മുറി പൂര്‍ണമായും നശിച്ചു. വീടിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ചെട്ടികുളങ്ങര പേള നാലാം വാർഡിൽ ചെമ്പോടികിഴക്കേതിൽ ലീലാമ്മയുടെ വീടിന് മുകളിലേക്ക് അടയ്ക്കാ മരം ഒടിഞ്ഞുവീണ് വീടിന്റെ മേൽക്കൂര തകർന്നു. ആറ്റുവ വിഷ്ണു ഭവനം പ്രദീപിന്റെ വീടിന് മുകളിലേക്ക് തേക്ക് മരം വീണ് വീട് പൂർണമായി നശിച്ചു. വീട്ടിൽ ഉറങ്ങുകയായിരുന്ന പ്രദീപിന്റെ ഭാര്യ വിജിത തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

മാവേലിക്കര ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മരങ്ങൾ വീണ് 9 പോസ്റ്റുകൾ ഒടിഞ്ഞു. പല്ലാരിമംഗലം പുത്തൻകുളങ്ങരയിൽ മാത്രം 3 പോസ്റ്റുകളാണ് ഒടിഞ്ഞത്. സന്ധ്യയോടെ പോസ്റ്റുകൾ മാറിയെങ്കിലും രാത്രി വൈകിയും പല ഭാഗത്തും വൈദ്യുതിബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. 27 സ്ഥലങ്ങളിൽ മരങ്ങൾ വീണ് പോസ്റ്റുകൾ ചരിഞ്ഞ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നു.