ആലപ്പുഴ: കമ്യൂണിസ്റ്ര് പ്രസ്ഥാനത്തിന്റെ കേരളത്തിലെ വളർച്ചയ്ക്ക് അത്യദ്ധ്വാനം ചെയ്തിട്ടും അധികാരസിംഹാസനങ്ങളിലെത്തപ്പെടാതിരുന്ന വർഗീസ് വൈദ്യനെ കേരളമറിയും. അദ്ദേഹത്തിന്റെ മകൻ ലാൽ വർഗീസ് കൽപ്പകവാടി രാജ്യസഭയിലേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ടത് കേരള രാഷ്ട്രീയത്തിലെ മറ്റൊരു നിയോഗം. കർഷക കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായി പ്രവർത്തിക്കുന്ന ലാൽവർഗീസ് ദേശീയ തലത്തിലും കോൺഗ്രസ് വിലാസത്തിൽ കർഷകരെ സംഘടിപ്പിക്കുന്നതിൽ സമർത്ഥ നേതൃത്വം വഹിക്കുന്ന രാഷ്ട്രീയക്കാരനാണ്.
സ്ഥാനമാനങ്ങൾക്ക് പിറകെ ഒരിക്കലും പോയി വിവാദത്തിൽപ്പെടാത്ത, സൗമ്യത തന്റെ വ്യക്തിമുദ്രയാക്കി മാറ്റിയിട്ടുള്ള ചുരുക്കം നേതാക്കളിലൊരാളുമാണ്. രാജ്യസഭാ സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ട വിവരം ലാൽ അറിയുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയിൽ നിന്നാണ്.ഹോർട്ടികോർപ്പ് സംസ്ഥാന അദ്ധ്യക്ഷനായി പ്രവർത്തിച്ച് കഴിവ് തെളിയിച്ച ലാൽ കേരളത്തിൽ കർഷകരുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്നയാളാണ്. സുശീലയാണ് ഭാര്യ .ഏകമകൻ അമ്പു വർഗീസ് വൈദ്യൻ.