എടത്വാ: കാറ്റിലും പെരുമഴയിലും അപ്പർ കുട്ടനാട്ടിൽ വ്യാപക നാശം. നിരവധി വീടുകൾ ഭാഗികമായി തകർന്നു. റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ആറ് മണിയോടെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലുമാണ് വ്യാപക നാശമുണ്ടായത്. തലവടി പഞ്ചായത്ത് മൂന്നാം വാർഡിൽ വാലയിൽ റോയിയുടെ വീടിന് മുകളിൽ മരം മറിഞ്ഞു വീണു. വാലയിൽ ബി.എം ചാക്കോയുടെ മതിൽ ഇടിഞ്ഞു വീണു. നാലാം വാർഡിൽ തോമസ് പ്രസാദ്, പാണ്ടി പോച്ച തുണ്ടത്തിൽ മധുസൂദനൻ എന്നിവരുടെ വീടിന് മുകളിലും മരം കടപുഴകി വീണു. കാഞ്ഞിരംതുരുത്ത് പോച്ച റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. എടത്വാ കെഎസ്ഇബി സെക്ഷൻ പരിധിയിൽപ്പെട്ട വിവിധ പ്രദേശങ്ങളിൽ പത്തോളം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. കരകൃഷിയും വ്യാപകമായി നശിച്ചു. ഓണം സീസണിൽ വിളവെടുപ്പിന് നിർത്തിയിരുന്ന ഏത്തവാഴ, പടവലം, പാവൽ, വെള്ളരി എന്നിവയാണ് കാറ്റിൽ നിലംപൊത്തിയത്. മിക്ക സ്ഥലങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു.