ചാരുംമൂട്: ഇന്നലെ പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും താമരക്കുളം, ചുനക്കര, പാലമേൽ , നൂറനാട് പഞ്ചായത്ത് പ്രദേശങ്ങളിൽ വ്യാപകമായ നാശം. മരം വീണ് 25 ഓളം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു. ഗതാഗതം തടസപ്പെട്ടു. 10 ഓളം വീട്ടുകൾക്കും ഭാഗികമായി നാശനഷ്ടമുണ്ടായി. കരകൃഷികൾക്കും നാശമുണ്ട്. വൈദ്യുതി ബന്ധം പൂർണമായും പുന:സ്ഥാപിക്കാനായിട്ടില്ല.
ചുനക്കര കോമല്ലൂർ, കിടങ്ങിൽ ഭാഗം,കരിമുളയ്ക്കൽ, താമരക്കുളം വേടരപ്ലാവ്, അമ്പിയിൽ മുക്ക് , ഗുരുനാഥൻകുളങ്ങര, മാമ്മൂട്ടിൽ ഭാഗം, പാലമേൽ ആദിക്കാട്ടുകുളങ്ങര, കുടശ്ശനാട്, പള്ളിക്കൽ, മറ്റപ്പള്ളി, നൂറനാട് പാറ്റൂർ, മുതുകാട്ടുകര തുടങ്ങിയ സ്ഥലങ്ങളിലാണ് മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞത്. 11 കെ.വി ലൈനിലും പല ഭാഗത്തും മരച്ചില്ലകൾ വീണ് കിടപ്പുണ്ട്.
നൂറനാട് പഞ്ചായത്തിലെ ആറ്റുവ, പടനിലം എന്നിവിടങ്ങളിൽ മരം വീണ് രണ്ടു വീടുകൾക്ക് നാശമുണ്ടായി. ആറ്റുവയിൽ അഗ്നിശമന സേനയെത്തിയാണ് വീടിനു മുകളിലേക്ക് വീണ മരം വെട്ടിമാറ്റിയത്.
കെ.പി.റോഡിൽ സാനിട്ടോറിയത്തിനു സമീപം പുലർച്ചെ 3 മണിയോടെ മരം വീണ് ഗതാഗത തടസമുണ്ടായി. ഇവിടെയും അഗ്നിശമനയെത്തിയാണ് മരം മുറിച്ചു മാറ്റിയത്.
വൈദ്യുതി പുന:സ്ഥാപിക്കാനായില്ല:
നാട്ടുകാർ കെ.എസ്.ഇ.ബി ഓഫീസിൽ
ചാരുംമൂട് : ചാരുംമൂട് പ്രദേശത്ത് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25ൽ പരം പോസ്റ്റുകൾ തകർന്നതോടെ ഇന്നലെ ചാരുമൂട് പ്രദേശമാകെ ഇരുട്ടിലായി. ചാരുംമൂട് കെ.എസ്.ഇ.ബി ഓഫീസിലെ മുഴുവൻ ജോലിക്കാരും പുറമേ നിന്ന് വിളിച്ച കോൺട്രാക്ട് വർക്കേഴ്സ് രാത്രി വൈകിയും വിശ്രമമില്ലാതെ പണിയെടുത്തിട്ടും പകുതി പ്രദേശത്തു മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞുള്ളൂ. സന്ധ്യകഴിഞ്ഞതോടെ വിവിധ പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ പരാതിയുമായി കെ.എസ്.ഇ.ബി ഓഫീസലെത്തി. വൈദ്യുതിബന്ധം പുനഃസ്ഥാപിച്ച പ്രദേശങ്ങളിലെ ചില വീടുകളിൽ വൈദ്യുതി ലഭിക്കാത്തത് പ്രതിഷേധത്തിന് കാരണമായി. നൂറനാട് പ്രദേശത്താണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ഏകദേശം അൻപതിൽ പരം മരങ്ങൾവീണു. നാളെ വൈകിട്ടോടെ വൈദ്യുതിബന്ധം പൂർണമായും പുന:സ്ഥാപിക്കാനാകുമെന്ന് കെ.എസ്.ഇ. ബി അധികൃതർ പറഞ്ഞു.