ആലപ്പുുഴ: കൊവിഡുമായി ബന്ധപ്പെട്ട് തീരപ്രദേശങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെന്ററുകളിലെ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി വിലയിരുത്തി എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണമെന്നും മന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിർദ്ദേശം നൽകി. തീരമേഖലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ സംബന്ധിച്ച് കളക്ട്രേറ്റിൽ വീഡിയോ കോൺഫറൻസ് വഴി നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി..
തീരദേശത്ത് അതീവ ഗുരുതരമാണ് സ്ഥിതിഗതികൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ അടിയന്തിര ജനകീയ ഇടപെടൽ ആവശ്യമാണ്. തീരദേശ വാർഡുകളിലെ കണ്ടെയിൻമെന്റ് സോണുകളിൽ നിന്ന് ആളുകളുടെ പുറത്തേക്കുള്ള നീക്കം കർശനമായി തടയണം.
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെൻററുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേക സംഘത്തെ ജില്ല ഭരണകൂടം നിയോഗിക്കണം. കടലാക്രമണം, വെള്ളപ്പൊക്കം എന്നിവ ഉള്ള പ്രദേശങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നാല് വിഭാഗത്തിലായി ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സൗകര്യങ്ങളും ചെയ്യണമെന്നും തോമസ്.ഐസക് പറഞ്ഞു