chako

ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്‌പദമാക്കിയുള്ള ദുൽഖർ സൽമാൻ ചിത്രമായ 'കുറുപ്പി"നെതിരെ നിയമനടപടി തുടങ്ങിയതായി കൊല്ലപ്പെട്ട ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോയുടെ ഭാര്യ ശാന്തമ്മയും മകൻ ജിതിൻ ചാക്കോയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. റിലീസ് ചെയ്യും മുമ്പ് ചാക്കോയുടെ കുടുംബത്തെ സിനിമ കാണിക്കണമെന്നാവശ്യപ്പെട്ട് ദുൽഖർ സൽമാന് വക്കീൽ നോട്ടീസയച്ചു.

സുകുമാരക്കുറുപ്പിനെ മഹത്വവത്കരിക്കാനോ ചാക്കോയെ അപകീർത്തിപ്പെടുത്താനോ ശ്രമിച്ചിട്ടുണ്ടെങ്കിൽ അതറിയാനാണ് സിനിമ റിലീസ് ചെയ്യുംമുമ്പ് കാണിക്കണമെന്ന് ആവശ്യപ്പെടുന്നത്. സിനിമാനിർമ്മാണവുമായി ബന്ധപ്പെട്ട് തങ്ങളെ ആരും സമീപിക്കുകയോ അനുവാദം ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും ശാന്തമ്മയും ജിതിനും പറഞ്ഞു.

1984ലാണ് ഇൻഷ്വറൻസ് തുക തട്ടിയെടുക്കുന്നതിനായി സുകുമാരക്കുറുപ്പ് ചാക്കോയെ കൊലപ്പെടുത്തിയത്. ചാക്കോ മരിക്കുമ്പോൾ ശാന്തമ്മ ആറുമാസം ഗർഭിണിയായിരുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത പിതാവ് ചാക്കോയെയും കുടുംബത്തെയും എങ്ങനെയാണ് കഥയിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് അറിയണം. എന്തും വിറ്റ് കാശാക്കണമെന്ന മലയാള സിനിമാ നിർമ്മാതാക്കളുടെ നിലപാട് ഉൾക്കൊള്ളാൻ കഴിയില്ലെന്നും ജിതിൻ പറഞ്ഞു.

സംവിധായകൻ ഉൾപ്പെടെയുള്ളവർക്ക് അടുത്ത ദിവസം നോട്ടീസ് അയയ്ക്കുമെന്നും ശാന്തമ്മ ചാക്കോ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അഡ്വ. ടി.ടി. സുധീഷ്, ജിതിന്റെ സുഹൃത്ത് അരുൺ എന്നിവരും പങ്കെടുത്തു.