തിരുവാതിരയും ഓർമ്മയാവുന്നു
ആലപ്പുഴ: പാതിരാപ്പൂചൂടി നിലാവെളിച്ചത്തിൽ അംഗനമാർ കളിച്ചിരുന്ന തിരുവാതിരകളിയുടെ തനിമ നഷ്ടമാകാതെ സൂക്ഷിക്കാനുള്ള അവസരമാണ് ഓണക്കാലം. കഴിഞ്ഞ വർഷങ്ങളിൽ പ്രളയവും, ഇത്തവണ കൊറോണയും ഓണത്തെ കവരുമ്പോൾ, തിരുവാതിരയ്ക്ക് വേദികൾ നഷ്ടമാവുകയാണ്.
ധനുവിലെ തിരുവാതിര നാളിലാണ് വ്രതാനുഷ്ഠാനത്തോടെ സ്ത്രീകൾ തിരുവാതിര കളിക്കാറുള്ളത്. എന്നാൽ ഇവ ഏറ്റവും ജനകീയമാകുന്ന കാലം ഓണനാളുകളാണ്. അത്തം പിറക്കുന്നതോടെ വിവിധ ക്ലബുകൾ സംഘടിപ്പിക്കുന്ന ആഘോഷങ്ങളിൽ ഒഴിവാക്കാനാവാത്ത ഇനമാണ് തിരുവാതിര. സാധാരണ നൃത്ത രൂപങ്ങളുമായി താതതമ്യപ്പെടുത്തുമ്പോൾ, തുടക്കക്കാർക്കു പോലും ഭംഗിയായി അവതരിപ്പിക്കാൻ കഴിയുമെന്നതാണ് തിരുവാതിരയുടെ പ്രത്യേകത. വർഷങ്ങളായി യുവജനോത്സവ വേദികളിലെ മത്സരയിനം കൂടിയാണ് തിരുവാതിര. മലയാളി മറന്നു തുടങ്ങിയ തിരുവാതിര ചിട്ടവട്ടങ്ങൾ പാലിക്കപ്പെന്നതും മത്സരവേദികളിലാണ്. തെറ്റുടുത്ത്, ദശപുഷ്പം ചൂടി ഗണപതിസ്തുതിയിൽ ആരംഭിച്ച് മംഗളത്തിൽ കലാശിക്കുന്നതാണ് തിരുവാതിരയുടെ ശൈലി. കാലം മാറിയതോടെ സിനിമാഗാനങ്ങൾക്ക് പുത്തൻ ചുവടുകൾ നൽകി തിരുവാതിര അവതരിപ്പിക്കുന്ന ശൈലിയും കണ്ടുതുടങ്ങി.
എന്നാൽ ഇത്തരത്തിൽ ചെയ്യുന്നത് കലയോളുള്ള അവഹേളനമാണെന്നും, തനിമ ചോരാതെ കലാരൂപത്തെ അവതരിപ്പിക്കേണ്ടത് ഇവ അന്യംനിന്നു പോകാതിരിക്കാൻ അത്യന്താപേക്ഷിതമാണെന്നും പഴയ തലമുറയിലെ തിരുവാതിര കളിക്കാർ പറയുന്നു. കുട്ടികൾ മുതൽ അമ്മമാർ വരെ തിരുവാതിരകളിയുടെ ഭാഗമാണെന്നതും പ്രത്യേകതയാണ്. അൻപത് വയസ് പിന്നിട്ട ധാരാളം സ്ത്രീകളാണ് ജില്ലയിൽ തിരുവാതിര ട്രൂപ്പുകളിൽ അംഗങ്ങളായുള്ളത്. ഇവരിലൂടെയാണ് തിരുവാതിരയുടെ അനുഷ്ഠാനങ്ങളും ആചാരങ്ങളും ഇന്നും പുതുതലമുറയിലേക്ക് എത്തുന്നത്. കൊവിഡ് കാലത്തും സാമൂഹിക അകലം പാലിച്ച് തിരുവാതിര പരിശീലനം നടക്കുന്നുണ്ട്.
............................
തിരുവാതിരകളിയെ പുതിയ വരികളും ചുവടുകളും നൽകി നശിപ്പിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഈ കലയുടെ തനിമ നഷ്ടപ്പെടുത്താൻ അനുവദിക്കില്ല. വരും തലമുറകളിലും തിരുവാതിരയുടെ ചിട്ടവട്ടങ്ങൾ സൂക്ഷിക്കുന്നതിനുള്ള പാഠങ്ങളാണ് പകർന്നു നൽകുന്നത്. പൂത്തിരുവാതിരയടക്കം അന്യം നിന്നുപോയ ആചാരങ്ങളെ മടക്കിക്കൊണ്ടുവരാനാണ് ശ്രമം
ജെ.മല്ലിക, തിരുവാതിര അദ്ധ്യാപിക
........................
തിരുവാതിര ചിട്ടകൾ
# ഒരു സംഘത്തിൽ 2 പാട്ടുകാരും, ചുവട് വെയ്ക്കാൻ ചുരുങ്ങിയത് 10 പേരും
# തെറ്റുടുത്ത് ദശപുഷ്പം ചൂടിയാണ് ചുവട് വെയ്ക്കേണ്ടത്
# ഗണപതി സ്തുതി, സരസ്വതി സ്തുതി, കുമ്മിയടി, വഞ്ചിപ്പാട്ട്, കുറത്തിപ്പാട്ട്, മംഗളം എന്നിവ വേണം
# ഓണക്കാലത്തെ തിരുവാതിരയ്ക്കൊപ്പം തുമ്പിതുള്ളലുമുണ്ടാവും
....................
ദശപുഷ്പങ്ങൾ
തിരുവാതിര കളിക്കുന്നവർ ദശപുഷ്പമെന്ന പേരിൽ തുളസിക്കതിർ മുടിയിൽ ചൂടാറുണ്ട്. എന്നാൽ തുളസി ദശപുഷ്പത്തിൽ ഉൾപ്പെടുന്നില്ല.
വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), കറുക, മുയൽചെവിയൻ, തിരുതാളി, ചെറുള, നിലപ്പന, കയ്യോന്നി, പൂവാംകുറുന്തൽ, മുക്കൂറ്റി, ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങൾ