ambala

അമ്പലപ്പുഴ : ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർക്കും പരിചരിക്കാനാരുമില്ലാത്ത രോഗികൾക്കും തണലായി മാറുകയാണ് പൊതുപ്രവർത്തനായ നിസാർ വെള്ളാപ്പള്ളി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സഹായത്തിന് ആരുമില്ലാതെ വാർഡുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ആഹാരവും വസ്ത്രവും മരുന്നുകളും എത്തിച്ചു നൽകും. ചികിത്സക്കു ശേഷം പോകാനിടമില്ലാത്തവരെ അനാഥമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും എത്തിക്കാനും നിസാർ മുൻകൈയെടുക്കും. തെരുവോരങ്ങളിൽ അന്തിയുറങ്ങിയിരുന്ന 3 കുട്ടികൾ അടങ്ങിയ തമിഴ്നാട്ടുകാരായ കുടുംബത്തിന് ഉദാരമതികളുടെ സഹായത്തോടെ സ്ഥലവും വീടും ഒരുക്കിയതിലൂടെയാണ് നിസാറിന്റെ വേറിട്ട പ്രവർത്തനം സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത് .അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ വെള്ളാപ്പള്ളിയിൽ ഹംസ - ബീമ ദമ്പതികളുടെ മകനാണ് 31കാരനായ നിസാർ.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണ വാർഡുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ച് നൽകാൻ ഒരു ഹെൽപ്പ് ലൈൻ നമ്പർ പോലെ നിസാറിന്റെ മൊബൈൽ നമ്പർ മാറിക്കഴിഞ്ഞു. വിളിക്കുന്നവർക്ക് രാവും പകലും വ്യത്യാസമില്ലാതെ സഹായങ്ങൾ എത്തിച്ചു നൽകും.

തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണവും .വസ്ത്രവും നൽകാനും മുൻകൈ എടുക്കാറുണ്ട് ഈ യുവാവ്. പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ കരാർ ജീവനക്കരനായ നിസാർ തന്റെ തുച്ഛമായ വരുമാനത്തിന്റെ ഒരു പങ്ക് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുകയാണ്. തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് നിസാർ വെള്ളാപ്പള്ളി.