ആലപ്പുഴ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സേഫ് കേരള സ്‌ക്വാഡിന്റെ നേതൃത്വത്തിൽ സംയുക്ത വാഹന പരിശോധനക്ക് ജില്ലയിൽ തുടക്കമായി. പാസഞ്ചർ ഓട്ടോറിക്ഷകളിലും ടാക്‌സികളിലും പോളിത്തീൻ ഷീറ്റ് ഉപയോഗിച്ച് ഡ്രൈവർ കാബിൻ തിരിക്കണമെന്ന ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് ജില്ലയിലെ എല്ലാ സ്റ്റാൻഡുകളിലും സംയുക്ത സ്‌ക്വാഡ് പരിശോധന ആരംഭിച്ചത്. മൂന്ന് സ്‌ക്വാഡുകളാണ് ഡ്രൈവർമാർക്ക് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ജില്ലയിലെ 90 ശതമാനത്തോളം യാത്രാ വാഹനങ്ങളിലും ഡ്രൈവർ കാബിൻ വേർതിരിച്ചിട്ടുണ്ട്. എല്ലാ വാഹനങ്ങളിലും യാത്രക്കാരുടെ വിവരങ്ങൾ ഡയറിയിൽ എഴുതി സൂക്ഷിക്കണം. ഡ്രൈവർ ഫേസ് മാസ്‌ക് ധരിക്കേണ്ടതും സ്റ്റാൻഡിൽ സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. പരിശോധനയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശ്രീജി നമ്പൂതിരി, ജിതിൻ പി.എസ്., ശരത് എസ്, ശരൺകുമാർ എസ് . എൻ., അനു കെ ചന്ദ്രൻ, ശ്രീകുമാർ കെ., വിനീത് വിജയകുമാർ, അജീഷ് പി.എ, സതീഷ് എസ്, വിനീത് വി എന്നിവർ പങ്കെടുത്തു.