 ബോധവത്കരണം ചെവിക്കൊള്ളാതിരുന്നത് വിനയായി

ആലപ്പുഴ : ബോധവത്കരണം ചെവിക്കൊള്ളാൻ ജനം തയ്യാറാകാത്തതാണ് നഗരത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്ന ആരോപണവുമായി നഗരസഭ സെക്രട്ടറി രംഗത്തെത്തി. വഴിച്ചേരി മാർക്കറ്റിൽ കഴിഞ്ഞ ദിവസം ആറ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാപാര കേന്ദ്രമായതിനാൽ ഇവിടെ നിന്ന് രോഗവ്യാപനം സംഭവിക്കാനുള്ള സാദ്ധ്യത വളരെയേറെയാണ്.

മാർക്കറ്റുകൾ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികൾ രൂപീകരിക്കുകയും തുടർച്ചയായ നിർദ്ദേശങ്ങൾ നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ നൽകിയിരുന്നതുമാണ്. സാമൂഹിക അകലം പാലിക്കുക, നിർബന്ധമായും മാസ്ക്കും, ഗ്ലൗസും അണിയുക, അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ലോറി ഡ്രൈവർമാരെ മാർക്കറ്റിൽ ഇറങ്ങാൻ അനുവദിക്കരുത് എന്നിവയായിരുന്നു പ്രധാന നിർദേശങ്ങൾ. എന്നാൽ ആദ്യത്തെ ഒന്നു രണ്ട് ദിവസങ്ങളിലൊഴികെ, നിർദേശങ്ങൾ പാലിക്കാൻ ആരും തത്താറാകാതിരുന്നതാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് മുനിസിപ്പൽ സെക്രട്ടറി കെ.കെ.മനോജ് കുറ്റപ്പെടുത്തുന്നു. തമിഴ്നാട്ടിൽ നിന്നെത്തിയ ഡ്രൈവർമാർ മാർക്കറ്റിലിറങ്ങി ലോഡിറക്കുന്ന സ്ഥിതിവരെയുണ്ടായി. നിലവിൽ പ്രവർത്തനം നടക്കുന്ന പുലയൻവഴി മാർക്കറ്റിലും കച്ചവടക്കാരും ഉപഭോക്താക്കളും ജാഗ്രത പാലിക്കുന്നില്ലെന്നും അധികൃതർ പറയുന്നു. നഗരപ്രദേശത്ത് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ 500 ബെഡുകളാണ് തയ്യാറാക്കുന്നത്. ആദ്യ ഫസ്റ്റ് ലൈൻ സെന്ററായ ശക്തി ആഡിറ്റോറിയത്തിൽ ആകെയുള്ള എഴുപത് ബെഡുകളിൽ 65ലും ആളുകൾ നിറഞ്ഞു.

..........................

നഗരസഭയ്ക്ക് കീഴിൽ സജ്ജമാക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ എണ്ണം - 5

500 :ആകെബെഡുകൾ

......................

 മുന്നൊരുക്കങ്ങൾ തുടങ്ങി

നഗരസഭാ പരിധിയിൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് സ്കൂളുകളും ആഡിറ്റോറിയങ്ങളും ഏറ്റെടുക്കാൻ തീരുമാനമായി. കുട്ടനാട്ടിലെ കിടപ്പുരോഗികളെ മാറ്റുന്നതിനായി റെയ്ബാൻ ആഡിറ്റോറിയത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ 120 ബെഡുകൾ നീക്കിവയ്ക്കും.

ഏറ്റെടുക്കുന്നവ

 മുല്ലയ്ക്കൽ വില്ലേജ് : 8 സ്കൂളുകൾ

പടിഞ്ഞാറെ വില്ലേജ് : 5 സ്കൂളുകൾ

പഴവീട് വില്ലേജ് : 5 സ്കൂളുകളും എസ്.ഡി കോളേജും

ആര്യാട് വില്ലേജ് - 10 സ്കൂളുകളും ഒഴിവുള്ള ആഡിറ്റോറിയങ്ങളും

....................

''ഒരു ഗ്ലൗവിന് 12 രൂപ വില വരും. ഇവിടെ ലാഭം നോക്കാൻ പോയതാണ് മാർക്കറ്റിൽ രോഗവ്യാപനത്തിന് കാരണമായത്. ജാഗ്രത പാലിച്ചില്ലെങ്കിൽ പുലയൻ വഴി മാർക്കറ്റിലും ഇത് തന്നെയാവും സ്ഥിതി. ധാരാളം ആളുകൾ മാർക്കറ്റുകളിലെത്തിയിട്ടുള്ളതിനാൽ സ്ഥിതി ആശങ്കാജനകമാണ്.''

- കെ.കെ.മനോജ്, മുനിസിപ്പൽ സെക്രട്ടറി

''ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. യുവാക്കളെ ഉൾപ്പെടുത്തിയാണ് സന്നദ്ധസേന രൂപീകരിക്കുന്നത്.''

- ബഷീർ കോയാപറമ്പിൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ