s

 കുറുപ്പ് സി​നി​മയ്ക്കെതി​രെ ചാക്കോയുടെ മകൻ

ആലപ്പുഴ: 'ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലാത്ത അച്ഛന് വേണ്ടി മകൻ നടത്തുന്ന അഭ്യർത്ഥനയായി കണ്ടാൽ മതി, എന്താണ് വരാൻ പോകുന്ന സിനിമയുടെ കഥ...?'- സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട്,1986ൽ കേരളത്തെ നടുക്കിയ ചാക്കോ വധക്കേസിൽ, ചാക്കോയുടെ മകൻ ജിതിൻ ചാക്കോയുടെ വാക്കുകളാണിത്. ആലപ്പുഴയിൽ ഒരു കാർ വില്പനശാലയിൽ ഉദ്യോഗസ്ഥനാണ് ജിതിൻ ചാക്കോ. ചാക്കോ വധക്കേസിനെ അടിസ്ഥാനമാക്കി, ദുൽഖർ നായകനായി ഒരുങ്ങുന്ന 'കുറുപ്പ് 'എന്ന ചലച്ചിത്രമാണ് ജിതിനെയും അമ്മ ശാന്തമ്മചാക്കോയെയും അസ്വസ്ഥരാക്കുന്നത്.

'എന്റെ പിതാവ് പഞ്ചപാവമായിരുന്നുവെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. പുകവലിയോ മറ്റു ദുശ്ശീലങ്ങളോ ഒന്നുമില്ലാതിരുന്ന മനുഷ്യൻ. ഓർമ്മ വച്ച നാൾ മുതൽ കേട്ട് മനസിലുറച്ചത് അച്ഛനോട് കാട്ടിയ കൊടും ക്രൂരതയുടെ കഥയാണ്. ആ നൊമ്പരം മനസിൽ പേറിയാണ് കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കഴിയുന്നത്. അതിലെ കുറ്റവാളികൾ ഒരു സുപ്രഭാതത്തിൽ മഹത്വവത്കരിക്കപ്പെട്ടാൽ മകനെന്ന നിലയിൽ സഹിക്കാനാവില്ല'- ജിതിൻചാക്കോ പറയുന്നു. ചാക്കോ കൊല്ലപ്പെടുമ്പോൾ, ജിതിൻ അമ്മ ശാന്തമ്മയുടെ വയറ്റിൽ വളർന്നു തുടങ്ങിയിരുന്നേയുള്ളു.

ജിതിൻ പറയുന്നു- 'പുറത്തിറങ്ങിയിട്ടുള്ള ചില പരസ്യങ്ങളിൽ നിന്ന് തോന്നിയത്, സുകുമാരക്കുറുപ്പിനെ മഹത്വവത്കരിക്കുന്ന സിനിമയാണോ എന്നാണ്. അങ്ങനെയാണെങ്കിൽ 36 വർഷമായി ഞാനും അമ്മയും അനുഭവിക്കുന്ന മനോവേദനയ്ക്ക് മേലുള്ള ചെളിവാരിയെറിയലാവില്ലെ അത്. നാളെ സമൂഹം ഞങ്ങളെ പരിഹസിക്കില്ലെ. ഈ പ്രതിസന്ധിക്കുള്ള പരിഹാരമാണ് വേണ്ടത്. എന്റെ പിതാവിനെ ചിത്രത്തിൽ എങ്ങനെ അവതരിപ്പിക്കുന്നവെന്ന് അറിയാനുള്ള വെമ്പൽ മാത്രം. സിനിമ നിർമ്മിക്കുന്ന വിവരമോ കഥയെകുറിച്ചോ നിർമ്മാതാവ് എന്നോടും അമ്മയോടും ആലോചിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല. നിയമനടപടിയിലേക്ക് കടക്കാനുള്ള കാരണം ഇതാണ്​​​ '

# ചാക്കോ വധക്കേസ്

1984 ൽ കേരളത്തെ നടുക്കിയ ക്രൂരസംഭവമാണ് ചാക്കോ വധക്കേസ്. ഫിലിം റെപ്രസന്റേറ്രീവ് ആയിരുന്ന ആലപ്പുഴ സ്വദേശി ചാക്കോയെ, കരുവാറ്റയിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് സുകുമാരക്കുറുപ്പി​ന്റെ നേതൃത്വത്തി​ൽ കാറിൽ തട്ടിക്കൊണ്ട് പോയി ചുട്ടുകൊന്നത്. അബൂദാബിയിലെ ഇൻഷ്വറൻസ് കമ്പനിയിൽ നിന്നും വൻതുക തട്ടിയെടുക്കുന്നതിന് വേണ്ടി സുകുമാരകുറുപ്പും സംഘവും ആസൂത്രണം ചെയ്ത ക്രൂരതയായിീരുന്നു. ചാക്കോയെ കൊലപ്പെടുത്തി കാറിൽ ഇരുത്തി കത്തിക്കുകയിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ മുഖ്യസൂത്രധാരൻ സുകുമാരകുറുപ്പ് ഇപ്പോഴും വിസ്മൃതിയിൽ.

ചാക്കോയുടെ ഭാര്യയായ ശാന്തമ്മ നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമായി സുകുമാരകുറുകിന്റെ കൂട്ടുപ്രതികളെ ആലപ്പുഴ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷിച്ചു.