
56 വീടുകൾ ഭാഗികമായി തകർന്നു
ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും ജില്ലയിൽ ഇന്നലെ വ്യാപക നാശം. 56 വീടുകൾ ഭാഗികമായി തകർന്നു. നിരവധി മരങ്ങൾ കടപുഴുകിവീണു. ദേശീയപാത അടക്കം പ്രധാന പാതകളിൽ ഗതാഗതം തടസപെട്ടു.
ഇന്നലെ രണ്ട് ക്യാമ്പുകൾ കൂടി തുറന്നു. ഇതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം നാലായി. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തീരത്ത് കടലാക്രമണവും ശക്തമായി. ആലപ്പുഴ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. വിവിധ താലൂക്കുകളിലായി 1500 ലേറെ വീടുകൾ വെള്ളത്തിലായി. കാർത്തികപ്പള്ളി, ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട് താലൂക്കുകളിലാണ് പ്രളയ ഭീഷണി. ആറാട്ടുപുഴ പഞ്ചായത്തിന്റെ തീരമേഖലയിൽ കടലാക്രമണം രൂക്ഷമാണ്. ഇന്നലെ ഉച്ചമുതൽ പെയ്ത തോരാമഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.
നങ്ങ്യാർകുളങ്ങരയിലും ആലപ്പുഴ നഗരത്തിലും നിരവധി മരങ്ങൾ കടപുഴുകി വീണു. നങ്ങ്യാർകുളങ്ങരയിൽ മരം വീണ് കാർ പൂർണ്ണമായും തകർന്നു. കനത്തമഴയിൽ 55.816 ഹെക്ടറിലെ 223.07 ലക്ഷം രൂപയുടെ കൃഷി നശിച്ചു. കെ.എസ്.ഇ.ബിക്ക് 173.08 ലക്ഷം രൂപയുടെ നാശമുണ്ടായി. എ.സി റോഡും, തൃക്കുന്നപ്പുഴ-നങ്ങ്യാർകുളങ്ങര റോഡും നഗരത്തിലെ ദേശീയപാതയുൾപ്പെടെയുള്ള റോഡുകളും മുങ്ങി ഗതാഗതം തടസപ്പെട്ടു. തോട്ടപ്പള്ളി പൊഴയിലൂടെ നീരൊഴുക്ക് ശക്തമാണ്. എന്നാൽ ലീഡിംഗ് ചാനലിലെ ആഴക്കുറവ് കിഴക്കൻ വെള്ളത്തിന്റെ ഒഴുക്കിന് ശക്തി കുറച്ചിട്ടുണ്ട്. റോഡിലേക്ക് വീണ മരങ്ങൾ ഫയറർഫോഴ്സും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും എത്തി മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. മരങ്ങൾ വീണതിനെ തുടർന്ന് മിക്ക സ്ഥലങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു.
കുട്ടനാട്ടിൽ ജലനിരപ്പുയരുന്നു,
എ.സി റോഡ് വെള്ളത്തിൽ
കുട്ടനാട്: മഴ തകർത്തു പെയ്യുകയും കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടുകയും ചെയ്തതോടെ കുട്ടനാട് വെള്ളപ്പൊക്കഭീഷണിയിൽ.എ.സി കനാൽ കരകവിഞ്ഞതിനെത്തുടർന്ന് എ.സി റോഡിന്റെ പല ഭാഗങ്ങളിലുംവെള്ളംകയറി. കൃഷിയില്ലാതെകിടക്കുന്ന പാടശേഖരങ്ങൾക്ക് നടുവിലൂടെയുള്ള മറ്റു പ്രധാന റോഡുകളും വെള്ളത്തിനടിയിലായി. പമ്പ,മണിമല ആറുകളിലൂടെ കിഴക്കൻ വെള്ളം കുട്ടനാട്ടിലേക്ക് കുതിച്ചെത്തുന്നത് രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളുടെ ബണ്ടുകൾക്ക് ഭീഷണിയാണ്. ഏത് നിമിഷവുംകൃഷി നശിച്ചേക്കാമെന്ന ആശങ്കയിലാണ്കർഷകർ. എ.സി റോഡിൽ മാമ്പുഴക്കരി പാലത്തിന് കിഴക്ക്, പള്ളിക്കൂട്ടുമ്മ, ഒന്നാങ്കര, പൂവം തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. മുട്ടാർ- നീരേറ്റുപുറം, എടത്വാ-തായങ്കരി, എടത്വാ-മാമ്പുഴക്കരി, പുളിങ്കുന്ന്-കണ്ണാടി, മങ്കൊമ്പ് നസ്രത്ത് എന്നീ റോഡുകളുംവെള്ളത്തിനടിയിലാണ്. എടത്വാ -തായങ്കരി റോഡിൽ വേഴപ്രാ സെന്റ് പോൾ ദേവാലയത്തിന് സമീപവും എടത്വാ- മാമ്പുഴക്കരി റോഡിൽ പുതുക്കരി ഭാഗത്തുമാണ് വെള്ളക്കെട്ട് കൂടുതൽ. മങ്കൊമ്പ് - കണ്ണാടി റോഡിൽ മങ്കൊമ്പ് ബ്ലോക്ക് പാലത്തിന് വടക്കുവശം മുതൽ പൊട്ടുമുപ്പത്വരെ പൂർണ്ണമായുംവെള്ളത്തിനടിയിലാണ്. ഇതോടെ കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലൂടെയുള്ളവാഹനയാത്രയാത്ര ദുഷ്കരമായി. വരും ദിവസങ്ങളിൽ മഴ കൂടുതൽ കനക്കുകയും പമ്പ,മണിമല നദികളുമായി ബന്ധപ്പെട്ടുള്ളഡാമുകൾ തുറക്കുകയും ചെയ്താൽ കുട്ടനാട്ടിൽ സ്ഥിതി രൂക്ഷമാകും.
4 ക്യാമ്പുകൾ തുറന്നു
ആലപ്പുഴ:കുട്ടനാട്, ചേർത്തല, ചെങ്ങന്നൂർ താലൂക്കുകളിലായി തുറന്നിട്ടുള്ള നാലു ദുരിതാശ്വാസ ക്യാമ്പുകളിലായി 77 പേരെ പ്രവേശിപ്പിച്ചു. പമ്പയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ചെങ്ങന്നൂർ താലൂക്കിൽ മിത്രപ്പുഴ പാലത്തിന്റെ താഴെ താമസിച്ചിരുന്ന മൂന്നു കുടുംബങ്ങളെ കീച്ചേരിമേൽ ജെ. ബി. സ്കൂൾ ക്യാമ്പിലേക്ക് മാറ്റി. 14 പേരാണ് ഇവിടെയുള്ളത്. ചെങ്ങന്നൂർ താലൂക്കിലെഎണ്ണയ്ക്കാട് വില്ലേജിൽ അഞ്ചു കുടുംബങ്ങളിലെ 22 പേരെ പകൽ വീട് ക്യാമ്പിലേക്ക് മാറ്റി.
പാണ്ടനാട് മിത്രമഠം പാലത്തിന്റെ അടിയിൽ താമസിച്ചിരുന്ന രണ്ടു കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റി .
കുരട്ടിശ്ശേരി വില്ലേജിലെ വിയപുരത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് ഇവിടുത്തെ ജനങ്ങളുടെ ആവശ്യ പ്രകാരം കഞ്ഞി വീഴ്ത്തൽ കേന്ദ്രം ആരംഭിക്കും.
40 കുടുംബങ്ങളിലായി 165 ഓളം പേരാണ് ഇവിടെയുള്ളത്
കൺട്രോൾ റൂം തുറന്നു
കളക്ടറേറ്റ് : 0477- 2236831
കുട്ടനാട് : 0477-2702221
കാർത്തികപ്പള്ളി :0479-2412797
അമ്പലപ്പുഴ: 04772253771
ചെങ്ങന്നൂർ: 0479- 2452334
ചേർത്തല: 0478- 2813103
മാവേലിക്കര: 0479 2302216
തകർന്ന വീടുകളുടെ എണ്ണം
താലൂക്ക് , ഭാഗികമായി തകർന്ന വീട്
ചെങ്ങന്നൂർ-16
മാവേലിക്കര-17
കാർത്തികപ്പള്ളി-9,
മ്പലപ്പുഴ-7
ചെങ്ങന്നൂർ-5
കുട്ടനാട്-2.