ഹരിപ്പാട്: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ കാർത്തികപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലായി എട്ട് വീടുകൾ തകർന്നു. പള്ളിപ്പാട് തെക്കേക്കര കിഴക്ക് അജിത്ത് ഭവനത്തിൽ പത്മാകരന്റെ വീട് പുളി മരം വീണ് തകർന്നു. തുണ്ടിൽ പുത്തൻവീട്ടിൽ സാറാമ്മ ബാബു വീടിന് മുകളിൽ മരം വീണു. പള്ളിപ്പാട് കുറ്റിയിൽ കനകമ്മയുടെ വീട് മാവ് വീണു ഭാഗികമായി തകർന്നു. ഹരിപ്പാട് തുലാം പറമ്പ് കണിയാംപറമ്പിൽ വടക്കേതിൽ ലീലയുടെ വീടിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ തകർന്നു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീയപുരം മേൽപ്പാടം പുത്തൻ പുരക്കൽ വർഗീസിന്റെ വീടിനു മുകളിൽ മരം വീണു. ചേപ്പാട് ഗ്രാമപഞ്ചായത്തിൽ കാണിച്ചനെല്ലൂർ മറ്റേലത്തു വട്ടപ്പറമ്പിൽ മാത്യു വർഗീസ്, കളീക്കൽ കെആർ സിമി, അഞ്ചാം വാർഡിൽ ലക്ഷ്മി നിലയത്തിൽ എസ്. സുധാകുമാരി എന്നിവരുടെ വീടുകൾക്ക് നാശനഷ്ടമുണ്ടായി.