ഹരിപ്പാട്: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയ്ക്കൊപ്പം മണിയാർ, മൂഴിയാർ ഡാമുകൾ കൂടി തുറന്നതോടെ അപ്പർകുട്ടനാട് മേഖലയിൽ വൻ തോതിൽ ജല നിരപ്പ് ഉയർന്നു. സർക്കാർ പ്രഖ്യാപനമനുസരിച്ച് 3 മീറ്റർ വരെ പമ്പാനദിയിൽ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്. വീയപുരം പഞ്ചായത്തിലെ മേൽപ്പാടം, വീയപുരം ഈസ്റ്റ്, പായിപ്പാട്, കാരിച്ചാൽ തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോൾ വെള്ളത്തിനടിയിലാണ്. വീയപുരം രണ്ടാം വാർഡിൽ എസ് .എൻ.ഡി.പി മന്ദിരം ഉൾപ്പടെ നിരവധി വീടുകളാണ് വെള്ളത്തിലായത്. പമ്പാനദിയിൽ വൻ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്.

ഇത് നദീതീരത്തെ കുടുംബങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കും. ഈ നില തുടർന്നാൽ വീയപുരം ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വരും. ഇത് സംബന്ധിച്ച് പ്രാദേശിക ദുരന്ത നിവാരണ സമിതി കഴിഞ്ഞ ദിവസം യോഗം ചേരുകയും ക്യാമ്പിനായി വീയപുരം ഹയർ സെക്കൻഡറി സ്കൂളിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ്, സെക്രട്ടറി, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, മെഡിക്കൽ ഓഫീസർ, വീയപുരം പേലീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.