ഹരിപ്പാട്: രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും ഹരിപ്പാട് പ്രദേശത്ത് നിരവധി മരങ്ങൾ കടപുഴകി . ഹരിപ്പാട് ടൗൺഹാൾ ജംഗ്ഷന് വടക്കുവശം നിന്നിരുന്ന വലിയ മാവ് റോഡിലേക്ക് വീണ് ഏറെനേരം ഗതാഗത തടസ്സമുണ്ടായി. വൈദ്യുതി ലൈനിലേക്കാണ് മരം വീണത്. ഇതിനെ തുടർന്ന് നഗരത്തിൽ വൈദ്യുതിബന്ധം താറുമാറായി. അഗ്നിരക്ഷാസേന യുടെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റിയാണ് ഗതാഗത തടസം നീക്കിയത്. കാർത്തികപ്പള്ളി -ഡാണാപ്പടി റോഡിൽ തോടിനു വശങ്ങളിലായി നിന്നിരുന്ന മരങ്ങൾ വീണു ഗതാഗത തടസമുണ്ടായി. രണ്ട് വലിയ ആഞ്ഞിലി മരങ്ങൾ ആണ് റോഡിലേക്ക് വീണത്. ഹരിപ്പാട് നിന്നും അഗ്നി രക്ഷാസേന എത്തി ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് മരം മുറിച്ചു മാറ്റിയത്. നങ്ങ്യാർകുളങ്ങര ജംഗ്ഷന് സമീപം നിരവധി കടകൾക്ക് കാറ്റിൽ കേടുപാടുണ്ടായി. നിർമ്മാണം നടന്നുവന്നിരുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ ഗ്ലാസ് തകർന്നു.