tv-r

തുറവൂർ: കാറ്റിലും മഴയിലും തീരദേശ മേഖലകളായ പള്ളിത്തോട്, പടിഞ്ഞാറേ മനക്കോടം എന്നിവിടങ്ങളിൽ വ്യാപക നാശനഷ്ടം.

തുറവൂർ പഞ്ചായത്ത് 17-ാം വാർഡിൽ വടക്കേക്കാട് കോളനിയിൽ വീടുകൾ തകർന്നു. പനക്കൽത്തറ ശ്രീനി, പാലക്കൽ സാബു എന്നിവരുടെ വീടുകളാണ് ഇന്നലെ പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ തകർന്നത്. വീടുകളുടെ മേൽക്കൂര പൂർണ്ണമായും തകർന്നിട്ടുണ്ട്. വീട്ടിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പുലർച്ചേ നാലു മണിയോടെ ആഞ്ഞടിച്ച കാറ്റിൽ പള്ളിത്തോട്, പടിഞ്ഞാറെ മനക്കോടം മേഖലയിൽ പലരുടെയും വീടുകൾക്ക് ഭാഗികമായ നാശനഷ്ടമുണ്ടായി. പള്ളിത്തോട് പൊഴിച്ചാലിൽ ചീനവലകൾ പലതും കാറ്റിൽ തകർന്നു. മാസങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ മുടക്കി നിർമിച്ച ചീനവലകളാണ് തകർന്നത്. ഒരാഴ്ചയായി തുടരുന്ന മഴ മൂലം പ്രദേശമാകെ വെള്ളക്കെട്ടിലാണ്.

കോളനിയിലും സമീപപ്രദേശങ്ങളിലും നിരവധി വീടുകൾ വെള്ളത്തിലാണ്. വീടിന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയായി. കൊവിഡ് വ്യാപനത്തെ തുടർന്നു ലോക്ക്ഡൗണിലായ പ്രദേശങ്ങളിലാണ് ദുരിതം. പള്ളിത്തോട് ചാപ്പക്കടവിൽ കടലാക്രമണവുമുണ്ട്.ഷാനിമോൾ ഉസ്മാൻ എം.എൽ.എ സ്ഥലം സന്ദർശിച്ചു.കടൽ ഭിത്തിക്ക് ഉയരം കുറഞ്ഞ സ്ഥലങ്ങളിൽ മണൽ നിറച്ച പ്ലാസ്റ്റിക് ചാക്കുകൾ നിരത്താനുള്ള പ്രവർത്തനം ആരംഭിച്ചു.