ചേർത്തല: വയലാറിലെ ഗുണ്ടാ ആക്രമണ കേസിൽ മുഖ്യപ്രതിയടക്കം മൂന്ന് പേർ കൂടി പിടിയിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. വയലാർ പഞ്ചായത്ത് 14ാം വാർഡിൽ സീനത്ത് മൻസിലിൽ ഷിനാസ് (20), 9-ാം വാർഡിൽ പുൽപ്ര ലക്ഷം വീട് കോളനിയിൽ രാഹുൽ (24), ചെട്ടിശേരിൽ സുരാജ് (24) എന്നിവരെയാണ് ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.സി.പി.എം പ്രവർത്തകനായ വയലാർ പഞ്ചായത്ത് ഒൻപതാം വാർഡിൽ ഇളവന്തറയിൽ ഷൈജു (42) വിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ് 27 ന് ഉച്ചയ്ക്ക് വയലാർ മുക്കണ്ണൻ കവലയിലായിരുന്നു സംഭവം. തലക്കും കൈ കാലുകൾക്കും പരുക്കേറ്റ ഷൈജു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.