photo

ചേർത്തല:തോരാതെ പെയ്യുന്ന മഴയിലും ഇടയ്ക്കിടെ ആഞ്ഞുവീശുന്ന കാ​റ്റിലും താലൂക്കിൽ കനത്ത നാശം. വെള്ളിയാഴ്ച പുലർച്ചെ വീശിയകാ​റ്റിൽ വിവിധയിടങ്ങളിലായി 17 വീടുകൾ മരംവീണ് ഭാഗികമായി തകർന്നു. പൊഴിച്ചാലുകളും തോടുകളും കരകവിഞ്ഞതിനെ തുടർന്നു കടലോര കായലോര മേഖലകളിൽ 2500 ഓളം വീടുകൾ വെള്ളത്തിലായി.
പട്ടണക്കാട്,ചേർത്തലവടക്ക്,കൊക്കോതമംഗലം,കടക്കരപ്പള്ളി,തുറവൂർ,പെരുമ്പളം,പാണാവള്ളി,തൈക്കാട്ടുശ്ശേരി,പള്ളിപ്പുറം എന്നിവിടങ്ങളിലാണ് വീടുകൾക്കു നാശമുള്ളത്. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ അംബേദ്കർ കോളനി ഉൾപ്പെടുന്ന ആറാം വാർഡിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. 10 കുടുംബങ്ങളിലെ 36 അംഗങ്ങളെയാണ് കൊവിഡ് മാനദണ്ഡപ്രകാരം അംബേദ്കർ സാംസ്‌കാരിക നിലയത്തിൽ പാർപ്പിച്ചിരിക്കുന്നത്.
വൈദ്യുതി ലൈനിൽ മരംവീണ് പലേടത്തും നാശമുണ്ടായി വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. പട്ടണക്കാട്ട് നാല് ഇലകട്രിക് പോസ്​റ്റുകൾ ഒടിഞ്ഞു.ഒ​റ്റമശ്ശേരിയിലും പള്ളിത്തോട്ടിലും കടലേ​റ്റവും ശക്തമാണ്. തടയാൻ മണൽ ചാക്കടുക്കി പ്രതിരോധമൊരുക്കുന്നുണ്ട്. രണ്ടിടത്തുമായി നിരവധി വീടുകൾ വെള്ളത്തിലായി.