മാന്നാർ : പമ്പ നദിയിൽ വെള്ളമുയരുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്ക സാദ്ധ്യത പ്രദേശങ്ങളിൽ നിന്നും കുട്ടികളും വയോജനങ്ങളും രോഗികളും ബന്ധുക്കളുടെ വീടുകളിലേക്ക് മാറി താമസിക്കണമെന്ന് സജി ചെറിയാൻ എം. എൽ. എ അറിയിച്ചു. ഇതിനു കഴിയാത്തവർക്ക് ക്യാമ്പുകളിലേക്ക് മാറുന്നതിനു സൗകര്യമൊരുക്കും. ആർ. ഡി. ഒ ഓഫീസിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
2019 ൽ പ്രളയം രൂക്ഷമായി ബാധിച്ച , ചെങ്ങന്നൂർ നഗരസഭ, പാണ്ടനാട്, തിരുവൻവണ്ടൂർ, മുളക്കുഴ, ബുധനൂർ, മാന്നാർ, ചെന്നിത്തല, വെണ്മണി, പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശത്തുള്ളവർ ഇന്നലെ രാത്രിയോടെ തന്നെ ക്യാമ്പുകളിലേക്ക് മാറണമെന്നും നിർദ്ദേശിച്ചു . ഉയർന്ന പ്രദേശങ്ങളിലെ എല്ലാ കെട്ടിടങ്ങളും ഏറ്റെടുത്ത് ക്യാമ്പുകൾ ആരംഭിക്കും. ക്യാമ്പുകളിലേക്ക് ആവശ്യമായ ഭഷ്യവസ്തുക്കൾ സപ്ലൈകോ, സിവിൽ സപ്ലൈസ്,ഹോർട്ടി കോർപ്പ് വഴി എത്തിക്കും.