t

ആലപ്പുഴ: ഓണമിങ്ങെത്തിയിട്ടും വസ്ത്രവിപണിയിലെ മാന്ദ്യത്തിന് മാറ്റമില്ല. ലോക്ക് ഡൗണിൽ അകപ്പെട്ടു പോയ സ്റ്റോക്കുകൾ വിറ്റഴിക്കാൻ സാധിക്കാത്ത ചെറുകിട കച്ചവടക്കാർ, ഓണ വസ്ത്രങ്ങൾ വാങ്ങാനും ബുദ്ധിമുട്ടുകയാണ്.

അന്യസംസ്ഥാനങ്ങളിലെ വസ്ത്രവ്യാപാര കേന്ദ്രങ്ങളിൽ നിന്ന് വാങ്ങുന്ന തുണിത്തരങ്ങളാണ് കേരളത്തിലെ ഭൂരിഭാഗം ചെറുകിട വ്യാപാര സ്ഥാപനങ്ങളിലുമെത്തുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ യാത്രകൾ സാദ്ധ്യമാകാതെ വന്നതോടെ നേരിട്ട് സ്റ്റോക്കെടുക്കാനും കഴിയുന്നില്ല. ബംഗളുരു, തിരുപ്പൂർ, സൂററ്റ്, ഈറോഡ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് തുണിത്തരങ്ങൾ എത്തുന്നത്. നിലവിൽ, അത്യാവശ്യ ഐറ്റങ്ങൾ ഓൺലൈൻ വഴിയാണ് കടകളിലെത്തിക്കുന്നത്. വസ്ത്രത്തിന്റെ ഫോട്ടോയും വിലയും സ്മാർട്ട് ഫോണിൽ നേരിട്ടു കണ്ടാണ് ഉറപ്പിക്കുന്നത്. ഇത്തരത്തിലെത്തുന്ന തുണിത്തരങ്ങളുടെ നിലവാരം ഉറപ്പിക്കാനാവില്ലെന്നതാണ് പ്രധാന വെല്ലുവിളി. കണ്ടെയ്ൻമെന്റ് സോണുകളിലുള്ള വസ്ത്രശാലകളിലെ തുണികൾ പൂപ്പലടിച്ച് നാശമാകാനുള്ള സാദ്ധ്യതയുണ്ട്.

ഓരോ സീസണിലും പുത്തൻ ട്രെൻഡിലും, പാറ്റേണിലുമുള്ള വസ്ത്രങ്ങൾ പുറത്തിറങ്ങും. അതോടെ പഴയ സ്റ്റോക്കുകൾക്ക് ആവശ്യക്കാർ കുറയും. ഉത്പാദനവും കുറഞ്ഞതോടെ തുണിത്തരങ്ങൾക്ക് 10 മുതൽ 15 ശതമാനം വരെ കൂടുതൽ തുക നൽകി വാങ്ങേണ്ട സ്ഥിതിയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിൽ വസ്ത്രവിപണിയുടെ മികച്ച സീസൺ ചിങ്ങമാണ്. കല്യാണങ്ങളും ഓണവും ഒരുമിച്ചെത്തുന്നതിനാൽ കച്ചവടക്കാർക്ക് ഇത് ആശ്വാസത്തിന്റെ കാലമായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ പ്രളയം ആശങ്ക പരത്തിയെങ്കിലും കച്ചവടത്തെ സാരമായി ബാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. ചടങ്ങുകളില്ലാത്തതിനാൽ പുതുവസ്ത്രത്തിന് ആവശ്യക്കാരില്ല. മുതിർന്നവർ വീട്ടിലുപയോഗിക്കുന്ന വസ്ത്രങ്ങളും കുട്ടികളുടെ വസ്ത്രങ്ങളും മാത്രമാണ് പേരിനെങ്കിലും ചെലവാകുന്നത്.

......................

കൊവിഡിൻറ്റെ പേരിൽ തുണിത്തരങ്ങൾക്ക് 10-15 ശതമാനം വില കൂടുതൽ

........................

# പ്രതിസന്ധികൾ

ഉത്പാദനം കുറഞ്ഞു

പുത്തൻ ഡിസൈനുകളില്ല

ഓൺലൈനിൽ നിലവാരം വ്യക്തമല്ല

ചടങ്ങുകൾ മുടങ്ങിയതിനാൽ പുതുവസ്ത്രത്തിന് ആളില്ല

......................................

കൊവിഡ് വന്നതോടെ ആകെ ദുരിതത്തിലാണ്. യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. നേരിട്ട് പോയി സാധനങ്ങൾ എടുക്കാനാവാത്തതിനാൽ അഭിരുചിക്കിണങ്ങിയവ ലഭിക്കാൻ പ്രയാസമാണ്. ഓണവിപണിയിൽ കാര്യമായ പ്രതീക്ഷയില്ല

വിജയശ്രീ സുനിൽ, വ്യാപാരി വ്യവസായി സമിതി വനിത കൺവീനർ, പുത്തനങ്ങാടി യൂണിറ്റ്

.......................................

ഓണക്കാലത്ത് വസ്ത്രം കടം നൽകിയുള്ള കച്ചവടമാണ് പൊതുവേ നടക്കാറുള്ളത്. ഇത്തവണ എല്ലാ മേഖലയിലും പ്രതിസന്ധി ആയതിനാൽ ഓണവിപണിയിൽ കാര്യമായ നേട്ടം പ്രതീക്ഷിക്കുന്നില്ല. ആളുകൾ എത്താത്തതോടെ സ്റ്റോക്ക് പഴകി ഡിമാൻഡ് ഇടിയും എന്നതും പ്രതിസന്ധിയാണ്

രജീഷ്, ചെറുകിട വസ്ത്രവ്യാപാരി