അമ്പലപ്പുഴ: ദേശീയപാതയിൽ ചരക്ക് ലോറി മറിഞ്ഞ് ലോറി ഉടമയ്ക്കും ഡ്രൈവർക്കും ക്ളീനർക്കും പരിക്കേറ്റു. ലോറി ഉടമയ്ക്ക് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു.
ദേശീയപാതയിൽ വളഞ്ഞവഴി എസ്.എൻ.കവലക്ക് വടക്ക് വശം ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് കർണാടകയിൽ നിന്ന് സവാള കയറ്റി കായംകുളം മാർക്കറ്റിലേക്ക് പോയ ലോറി മറിഞ്ഞത്. ശക്തമായ മഴയെ തുടർന്ന് ബ്രേക്കിട്ടപ്പോൾ ലോറി തെന്നി മറിഞ്ഞതാണെന്നാണ് ഡ്രൈവർ പറഞ്ഞത്.ഉടമ സുനിൽ, ഡ്രൈവർ സുബ്രഹ്മണ്യം, ക്ലീനർ സുമേഷ് എന്നിവർക്കാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ സുനിലിനെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചു. അന്യസംസ്ഥാനത്തു നിന്നെത്തിയതിനാൽ ആശുപത്രിയിൽ നടത്തിയ കൊവിഡ്പരിശോധനയിലാണ് ലോറി ഉടമയ്ക്ക്കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രക്ഷാപ്രവർത്തനം നടത്തിയ അമ്പലപ്പുഴ പഞ്ചായത്ത് അംഗം ഷമീർ ഉൾപ്പടെയുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ലോറി ഡ്രൈവറേയും, ക്ലീനറേയും നിരീക്ഷണ വാർഡിലേയ്ക്കു മാറ്റി.