ആലപ്പുഴ: കടലിൽ മത്സ്യബന്ധനത്തിന് നിരോധനമുള്ളതിനാൽ കടൽ മീനിന് കടുത്ത ക്ഷാമം. ഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും പ്രതികൂല കാലാവസ്ഥ കാരണം കടലിൽ പോകാതായതോടെ, കായൽ മീനിന് തീ വിലയായി.
പൊതുവെ വിലക്കുറവുള്ള കായൽ ചൂടയ്ക്ക് ഇന്നലെ കിലോയ്ക്ക് 450 രൂപ വരെയായി. തമിഴ്നാട്ടിൽ നിന്നു മത്തിയും ചെങ്കലവയും അടക്കമുള്ള മത്സ്യം കേരളത്തിൽ എത്തുന്നുണ്ടെങ്കിലും കൊവിഡ് ഭീതി കാരണം മത്സ്യപ്രേമികൾക്ക് അത്ര താത്പര്യമില്ല. കായലോരങ്ങളോടു ചേർന്നുള്ള പ്രദേശങ്ങളിൽ ഇത്തരം സന്ദർഭങ്ങളിൽ കായൽ മത്സ്യത്തെയാണ് ആൾക്കാർ ആശ്രയിക്കുന്നത്. എന്നാൽ ചില പ്രദേശങ്ങളിൽ കൊവിഡ് വ്യാപനമുണ്ടായതോടെ മത്സ്യലേലത്തിന് പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മീനിന്റെ കുറവും ആവശ്യക്കാരുടെ വർദ്ധനയുമായതോടെ വില കൈയിൽ നിൽക്കാത്ത വിധമായി.
ജില്ലയുടെ തെക്കൽ മേഖലയിൽ മുട്ടത്തുമണ്ണേൽ ഹാർബർ, കൊച്ചിയുടെ ജെട്ടി, കീരിക്കാട് ജെട്ടി ഭാഗങ്ങളിലും തോട്ടപ്പള്ളി സ്പിൽവെയ്ക്ക് സമീപവുമാണ് കായൽ മത്സ്യത്തിന്റെ വില്പന വലിയ തോതിൽ നടക്കുന്നത്. വർക്കൻ മേഖലയിൽ മുഹമ്മ, തണ്ണീർമുക്കം, അരൂർ ഭാഗങ്ങളിലും. തണ്ണീർമുക്കത്തെ മത്സ്യ വില്പന നിലച്ചിട്ട് നാളുകളായി. മുഹമ്മയിൽ ഒറ്റതിരിഞ്ഞുള്ള വള്ളങ്ങളാണ് പോകുന്നത്. മുട്ടത്തു മണ്ണേൽ, കൊച്ചിയുടെ ജെട്ടി ഭാഗങ്ങളിലും കായലിലിറങ്ങിയ വള്ളങ്ങൾ നാമമാത്രമാണ്.
വില കുതിക്കുന്നു
മുട്ടത്തു മണ്ണേൽ ഹാർബറിൽ ഇന്നലെ കരിമീൻ ലേലത്തിൽ പോയത് കിലോയ്ക്ക് 800- 900 നിരക്കിലാണ്. ചൂടയുടെ വില 450 ന് മേൽ വന്നു. 250 രൂപയിൽ താഴെയുള്ള കൊഞ്ചിന് ഇന്നലെ വില 500ന് മുകളിലായി. പതിവ് കച്ചവടക്കാർക്കു പുറമെ പുറത്തു നിന്നുള്ള കച്ചവടക്കാരുടെ വരവും വീട്ടാവശ്യത്തിന് വാങ്ങാനെത്തുന്നവരും കൂടി ചേരുമ്പോഴാണ് ലേലം കൊഴുക്കുന്നത്.