ഹരിപ്പാട്: സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങ് ഇന്ന് നടക്കും. പുലർച്ചെ 5.50നും 6.20നും മദ്ധ്യേയാണ് ചടങ്ങുകൾ. രാജഭരണ കാലം മുതൽ നിറപുത്തരി ആഘോഷം നടക്കുന്ന സംസ്ഥാനത്തെ ഏക ട്രഷറിയാണ് ഹരിപ്പാട് സബ് ട്രഷറി. പള്ളിപ്പാട് കറുകയിൽ പത്മകുമാറിന്റെ പുരയിടത്തിൽ പള്ളിപ്പാട് വാസുദേവൻ കൃഷി ചെയ്ത 5 കറ്റ നെൽക്കതിർ പുത്തരിക്കായി ക്ഷേത്രത്തിൽ എത്തിച്ചിരുന്നു. ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ നെൽക്കതിരുകൾ ഇന്ന് പുലർച്ചെ 5.30 ന് മുൻപ് കിഴക്കേ ആൽത്തറയിൽ എത്തിക്കും. അവിടെ നിന്നും ക്ഷേത്ര പ്രദക്ഷിണം ചെയ്ത് ബലിക്കൽ പുരയിൽ സമർപ്പിക്കും. തുടർന്ന് ശുദ്ധി ചെയ്ത് ക്ഷേത്രം മേൽശാന്തി പത്മനാഭൻ സന്തോഷിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിനുളളിൽ എത്തിച്ച് പൂജയ്ക്ക് ശേഷം വിഗ്രഹത്തിന്റെ പാദത്തിൽ സമർപ്പിക്കുകയും കതിർക്കുലകൾ ശ്രീകോവിലിന് മുന്നിൽ കെട്ടിത്തൂക്കുകയും ചെയ്യും. പന്തീരടി പൂജയ്ക്ക് ശേഷം 7.30ന്ഓടെ നെൽക്കതിരുകൾ ട്രഷറിയിൽ എത്തിക്കും. എല്ലാ വർഷവും ആനപ്പുറത്താണ് നെൽക്കതിരുകൾ എത്തിക്കുന്നതെങ്കിലും ഇത്തവണ ആനയെ ഉപയോഗിക്കില്ല. ക്ഷേത്രത്തിൽ നിന്നും അഞ്ച് പേരാകും ട്രഷറിയിലേക്ക് പോകുക. തുടർന്ന് സബ് ട്രഷറി ഭണ്ഡാരം നിറയ്ക്കൽ ചടങ്ങ് നടക്കും. ഭക്തജനങ്ങൾക്ക് ഇത്തവണ നെൽക്കതിരുകൾ വിതരണം ചെയ്യില്ല. ചടങ്ങുകളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.