അമ്പലപ്പുഴ : തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ഇന്ന് രാവിലെ 10 മുതൽ 5 വരെ ധീവരസഭ 51-ാം നമ്പർ പുന്നപ്ര കരയോഗം അങ്കണത്തിൽ ഉപവസിക്കും. കൊവിഡും മത്സ്യ ബന്ധന നിരോധനവും മൂലം തൊഴിൽ രഹിതരായ മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തികസഹായവും, അവശ്യസാധനങ്ങളടങ്ങിയ കിറ്റും നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
മത്സ്യത്തൊഴിലാളിമേഖലയിൽ കൊവിഡ് വ്യാപനം തടയാനുള്ള നടപടി സ്വീകരിക്കണമെന്നും മത്സ്യ ബന്ധന നിരോധനം അവസാനിപ്പിച്ച് മത്സ്യത്തൊഴിലാളികൾക്ക് സൗകര്യമായ സ്ഥലങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകാനും മത്സ്യ വിപണനം നടത്താനും നടപടി സ്വീകരിക്കണമന്നും ദിനകരൻ ആവശ്യപ്പെട്ടു.