ആലപ്പുഴ: ആയുർ രക്ഷാക്ലിനിക്കുകളിലൂടെ നടപ്പാക്കുന്ന ആയുർവേദപദ്ധതികളായ അമൃതം, പുനർജനി, സ്വാസ്ഥ്യം, സുഖായുഷ്യം എന്നിവയ്ക്ക് ജില്ലയിൽ പ്രിയറുന്നു. നിരീക്ഷണത്തിലുള്ള 17966 പേർക്ക് സ്വാഭാവിക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ആയുർവേദ മരുന്നുകൾ വിതരണം ചെയ്തു. വിദേശത്തുനിന്നും, അന്യസംസ്ഥാനങ്ങളിൽ നിന്നും മടങ്ങി വന്നവർക്കും, കൊവിഡ് രോഗികളുമായി സമ്പർക്കം വന്നവർക്കും അമൃതം പദ്ധതി വഴിയാണ് മരുന്നുകൾ നൽകുന്നത്. കൊവിഡ്മുക്തരായവർക്ക് പൂർണ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള സൗജന്യആയുർവേദചികിത്സാപദ്ധതിയായ പുനർജനി വഴി 103 പേർക്ക് ഔഷധങ്ങൾ ലഭ്യമാക്കി. 60 വയസ്സിൽ താഴെയുള്ളവർക്കുള്ള സ്വാസ്ഥ്യം പദ്ധതി വഴി 43960 പേർക്കും, അറുപത് വയസിന് മുകളിലുള്ളവർക്കുള്ള സുഖായുഷ്യം പദ്ധതി വഴി 26864 പേർക്കും സേവനം ലഭ്യമാക്കി .

മറ്റുപദ്ധതികൾ

വിദഗ്ദ്ധചികിത്സ ലഭ്യമാക്കുന്നതിന് ടെലിമെഡിസിൻ (8281377994) മാനസികസമ്മർദ്ദം അനുഭവിക്കുന്ന വ്യക്തികൾക്കുവേണ്ടി ടെലികൗൺസിലിംഗ് ( 9747082571), ഗർഭിണികൾക്കും അമ്മമാർക്കുമുള്ള ടെലി കൺസൾട്ടേഷൻ, വിവിധ യോഗാപരിശീലന പരിപാടികൾ, ഔഷധമൂല്യമുള്ള ഭക്ഷണങ്ങളുടെ പരിചയം എന്നിങ്ങനെ ഭാരതീയചികിത്സാവകുപ്പ് വിവിധ പദ്ധതികളുമായി സജ്ജമാണെന്ന് ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ഷീബ എസ് അറിയിച്ചു.

വിവരങ്ങൾക്ക് ഡോ. രശ്മി .എസ്. രാജ്, ജില്ലാ കോഡിനേറ്റർ, ആയുർവേദ കോവിഡ് റെസ്‌പോൺസ് സെൽ,
ഫോൺ നമ്പർ 9847836586.