ആലപ്പുഴ: ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ തുടർച്ചയായ പരിശോധനകളെത്തുടർന്ന് കുറഞ്ഞുവന്ന അനധികൃത സാനിട്ടൈസർ വിൽപ്പന വീണ്ടും വ്യാപകമാകുന്നതിന് നിയമ ഭേദഗതി കാരണമായേക്കുമെന്ന് ആശങ്ക. ഔഷധ അനുബന്ധ വസ്തുവായ സാനിട്ടൈസറിന്റെ വിൽപ്പന ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്ക് ആക്ട് പ്രകാരമായിരുന്നു. വിൽപ്പനയ്ക്ക് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ ലൈസൻസ് അനിവാര്യമാണെന്ന നിയമത്തിനാണ് കേന്ദ്രം ഇളവുകൾ വരുത്തിയിട്ടുള്ളത്. ഇതോടെ ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വിപണിയിൽ ഇറങ്ങാനുള്ള സാദ്ധ്യത ഏറി. ഉപയോഗവും വിൽപ്പനയും കൂടിയതോടെ ജനങ്ങൾക്ക് ക്ഷാമമില്ലാതെ സാനിട്ടൈസർ ലഭ്യമാകുന്നതിനാണ് നിയമത്തിൽ ഇളവ് വരുത്തിയത്. സാനിട്ടൈസറിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഉത്തരവാദിത്വപ്പെട്ട ഏജൻസികൾ നിലവിലില്ല. ഗുണനിലവാരമില്ലാത്തവയുടെ ഉപയോഗം ത്വക്ക് രോഗങ്ങൾക്ക് ഇടയാക്കിയേക്കും. കൊവിഡ് വ്യാപനത്തിന്റെ ആരംഭഘട്ടത്തിൽ വ്യാപാര സ്ഥാപനങ്ങളിലും, പൊതുഗതാഗത സംവിധാനങ്ങളിലുമടക്കം സാനിട്ടൈസറുകൾ വിൽക്കാനെത്തുന്നവരെ കാണാമായിരുന്നു. അയൽക്കൂട്ടങ്ങൾ പോലുള്ള കൂട്ടായ്മകൾ സാനിറ്റൈസർ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ഇവയുടെ ഗുണനിലവാരം അളക്കാൻ സംവിധാനമില്ല. യുടൂബിൽ നോക്കി പഠിച്ച് വീടുകളിൽ ഉത്പാദിപ്പിക്കുന്ന സാനിട്ടൈസറുകളും ഇനി വിപണിയിലെത്തും.

..........................

 ഐസ് കട്ടയിൽ നിന്ന്

സ്പിരിറ്റ് ഊറ്റിയെടുക്കും!

സാനിട്ടൈസറിൽ നിന്ന് സ്പിരിറ്റ് വേർപെടുത്തി ഉപയോഗിക്കുന്നതിന് പുത്തൻ അടവുകൾ പ്രയോഗിക്കുകയാണ് മദ്യപർ. സാനിട്ടൈസറായി തന്നെ കുടിക്കാനുള്ള ബുദ്ധിമുട്ട് മൂലം, ഇവ ഐസ് കട്ടയാക്കി ഉപയോഗിക്കാറുണ്ടെന്ന് മദ്യപർ വെളിപ്പെടുത്തുന്നു. സ്പിരിറ്റ് ഫ്രീസറിൽ വെച്ചാലും കട്ട പിടിക്കില്ല. ഐസ് കട്ടയാകുന്ന സാനിട്ടൈസറിൽ ചെറു സുഷിരം ഇട്ട്, സ്പിരിറ്റ് ഊറ്റിയെടുക്കും. ഇത്തരത്തിൽ വേർതിരിച്ചെടുത്താണ് സ്പിരിറ്റ് ഉപയോഗിക്കുന്നത്. മദ്യത്തിന് അടിമപ്പെട്ടവർ ഇത്തരത്തിൽ സാനിറ്റൈസർ ദുരുപയോഗം ചെയ്യുന്നു.

..................

ഡ്രഗ് ലൈസൻസിൽ ഇളവ് നൽകിയത് വലിയ ദുരുപയോഗത്തിന് ഇടയാക്കും. കൊവിഡിന്റെ തുടക്ക കാലത്ത് മെഡിക്കൽ സ്റ്റോറുകളിൽ വരെ സാനിട്ടൈസർ വിൽക്കാൻ ആളുകളെത്തിയിരുന്നു. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ചാൽ സാനിട്ടൈസർ ഉദ്ദേശിച്ച ഫലം തരില്ല.

- സി.സനൽകുമാർ, റീട്ടെയിൽ ഔഷധഫോറം സംസ്ഥാന പ്രസിഡന്റ്

..................