കായംകുളം: കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന സസ്യമാർക്കറ്റിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചതായി നഗരസഭാ ചെയർമാൻ അറിയിച്ചു.
ഇവിടെ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ജില്ലാകളക്ടറെ നേരിട്ട് കണ്ട് നൽകിയതിനെ തുടർന്നാണ് ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമായത്. സസ്യമാർക്കറ്റിൽ ഇതരസംസ്ഥാനത്തുനിന്നും എത്തിച്ചേരുന്ന ചരക്ക് വാഹനങ്ങൾ രാത്രി 12 നും രാവിലെ 6നും ഇടയ്ക്ക് സാധനങ്ങൾ ഇറക്കിയിട്ട് തിരികെ പോകണം.മറ്റ് സമയങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് വാഹനങ്ങൾ മാർക്കറ്റിൽ പ്രവേശിക്കാൻ അനുവദിക്കുകയില്ല. വാഹനങ്ങളിലെ ഡ്രൈവർമാർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് സസ്യമാർക്കറ്റിലെ ഷോപ്പിംഗ് കോംപ്ലക്‌സിൽ റസ്റ്റ് റൂം തയ്യാറാക്കും.
ആഴ്ച്ചയിൽ 3 ദിവസം വീതം വ്യാപാരസ്ഥാപനങ്ങൾ ആവശ്യമായ മാനദണ്ഡം പാലിച്ച് തുറക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. നഗരസഭയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രോഗവ്യാപന സാധ്യത കൂടി പരിഗണിച്ച് സസ്യമാർക്കറ്റ് തുറക്കാൻ ജില്ലാ ദുരന്തനിവാരണ സമിതിയുടെ അനുമതി നൽകുവാൻ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.