s

എ.സി.റോഡിൽ ഗതാഗതം ഭാഗികമായി നിലച്ചു

ആലപ്പുഴ: കാലവർഷം കലിതുള്ളിയതോടെ ജില്ലയിൽ വ്യാപകനാശം. ഇന്നലെ രാമങ്കരി പഞ്ചായത്ത് വേഴപ്ര സെറ്റിൽമെന്റ് കോളനിയിൽ സരസ്വതിയെ (70) വീട്ടിന് മുന്നിൽ കനാലിൽ കാണാതായി.പൂച്ചാക്കൽ ചേന്നംപള്ളിപ്പുറത്ത് രണ്ടര വയസുള്ള ലേതൽ ലിജോ തോട്ടിൽ വീണ് മരിച്ചു. ഇന്നലെ വൈകിട്ട് വരെ 24 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

കാണാതായ സരസ്വതിക്കായി ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് ഉച്ചവരെ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ ചങ്ങനാശ്ശേരി പൂവത്തു നിന്നും കമ്പവലക്കാരായ തൊഴിലാളികളും എത്തിതെരച്ചിൽ നടത്തിയെങ്കിലും അതും ഫലവത്തായില്ല. ഉച്ചയ്ക്ക്‌ ശേഷംആലപ്പുഴയിൽ നിന്ന് റെസ്ക്യൂ വിഭാഗം എത്തി പരിശ്രമം നടത്തിയെങ്കിലും കനാലിലെ ശക്തമായ ഒഴുക്ക് വിഘാതം സൃഷ്ടിച്ചു.

തുടർച്ചയായ മഴകാരണം കുട്ടനാടിന്റെ മിക്കപ്രദേശങ്ങളും വെള്ളത്തിലായി. രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ കെ.എസ് . ആർ .ടി. സി ആലപ്പുഴ ഡിപ്പോയിൽ നിന്ന് എ .സി റോഡ് വഴിയുള്ള സർവീസുകൾ ഭാഗികമായി നിർത്തി. ചെറിയ ദൂരത്തിലേക്ക് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്ന് ആലപ്പുുഴ ഡി.ടി.ഒ അറിയിച്ചു. രാമങ്കരി , വെളിയനാട്, കാവാലം, കൈനകരി മേഖലകളാണ് ഇപ്പോൾ വെള്ളത്താൽ ചുറ്റപ്പെട്ടത്.

കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തം

കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ പമ്പ - അച്ചൻ കോവിൽ ആറുകളുടെ തീരത്തുള്ള പ്രദേശങ്ങൾ വെള്ളക്കെട്ടുകളായി. ജില്ലയിലെ അഞ്ച് താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവുമധികം ക്യാമ്പുകൾ തുറന്നിട്ടുള്ളത്. 17 ക്യാമ്പുകളിലായി 149 കുടുംബത്തിലെ 573 ആളുകളെ പാർപ്പിച്ചിട്ടുണ്ട്. മാവേലിക്കര താലൂക്കിൽ രണ്ട് ക്യാമ്പുകളിലായി 13 കുടുംബങ്ങളിലെ 22 ആളുകളുണ്ട്. ചേർത്തല താലൂക്കിലെ ഒരു ക്യാമ്പിൽ 13 കുടുംബങ്ങളിലെ 36 ആളുകളെയും കാർത്തികപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പിൽ 44 കുടുംബങ്ങളിലെ 142 ആളുകളെയും പാർപ്പിച്ചിരിക്കുന്നു.

കുട്ടനാട്ടിൽ മൂന്ന് ക്യാമ്പുകൾ

കുട്ടനാട്ടിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുന്നുമ്മ ലിറ്റിൽ ഫ്‌​ളവർ ​സ്​ക്കൂൾ, കാവാലം ഗവ.എൽ പി എസ്, കൈനകരി സെന്റ്‌​ മേരീസ് ഹയർസെക്കൻഡറി സ്​കൂൾ, തലവടി ചക്കുളത്തുകാവ് ആഡിറ്റോറിയം, ഗവ.എൽ പി എസ്, എടത്വാസെന്റ് അലോഷ്യസ്‌​ സ്​കൂൾ, പുളിങ്കുന്ന്‌​ സെന്റ്‌​ജോസഫ് ഹയർ സെക്കൻഡറി സ്ക്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ
നിലവിൽ താലൂക്കിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുട്ടനാട് തഹസിൽദാർ പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകളിൽ

222 കുടുംബങ്ങൾ

335 സ്ത്രീകളും

351 പുരുഷന്മാർ

108 കുട്ടികൾ

22 മുതിർന്നവർ

രണ്ടു ഗർഭിണികൾ

 കുട്ടനാട്ടുകാർ

വീടൊഴിയുന്നു

കുട്ടനാട് : കുട്ടനാട്ടിൽ വെള്ളപ്പൊക്ക ഭീഷണി ശക്തമായതോടെ ആളുകൾ തങ്ങളുടെ സ്വന്തം വീടുകൾ ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേയ്ക്ക് പലായനം ചെയ്തു തുടങ്ങി. തൊട്ടടുത്ത പ്രദേശങ്ങളിലെ ബന്ധുവീടുകളിലേക്കാണ് പലരുടെയും യാത്ര. വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായ വെളിയനാട്, രാമങ്കരി, കാവാലം, കൈനകരി, തലവടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമാണ് ആളുകൾ കൂടുതലായി ഒഴിഞ്ഞുപോകുന്നത്.

എ.സി റോഡിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ചങ്ങനാശ്ശേരിയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി സർവ്വീസ് നിർത്തിവയ്ക്കുകയും ആലപ്പുഴയിൽ നിന്നുള്ള സർവ്വീസ് മങ്കൊമ്പ് വരെയായി ചുരുക്കുകയും ചെയ്ത സാഹചര്യത്തിൽ കുട്ടനാട്ടുകാർ വളരെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് മറ്റുസ്ഥലങ്ങളിലേക്ക് ചേക്കേറുന്നത്. വരുംദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന കണക്കുകൂട്ടലിൽ രണ്ടുംമൂന്നുംകുഞ്ഞുങ്ങളെ വരെ ബൈക്കിലിരുത്തി ജീവൻ പണയംവെച്ച്‌, വെള്ളം നിറഞ്ഞുകിടക്കുന്ന എ.സിറോഡിലൂടെ യാത്ര ചെയ്താണ് മിക്ക കുടുംബങ്ങളും അടുത്ത പ്രദേശങ്ങളിലേക്ക് പോകുന്നത്.

കിഴക്കൻ വെള്ളം, വേലിയേറ്റം : ജില്ലയിൽ ഭീതി

ആലപ്പുഴ: ലീഡിംഗ് ചാനലിന്റെ ആഴക്കുറവും കിഴക്കൻ വെള്ളത്തിന്റെ വരവും കടലിലെ വേലിയേറ്റവും മൂലം കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി, അമ്പലപ്പുഴ, മാവേലിക്കര താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. മലയോരത്ത് മഴ ശക്തമായി തുടരുന്നതിനാൽ പമ്പ ഡാം തുറമ്പോൾ വെള്ളപ്പൊക്കം രൂക്ഷമാകും. കിഴക്കൻ വെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് തോട്ടപ്പള്ളി പൊഴിമുഖവും കായംകുളം പൊഴിയുമാണ്. പ്രളയ ജലം ഒഴുകിയെത്തുന്നത് ലീഡിംഗ് ചാനൽ, ദേശീയ ജലപാത, ഡാണാപ്പടി തോട്, പുളിക്കീഴ് ആറ് എന്നിവിടങ്ങളിലൂടെയാണ്. കായംകുളം കായലിലേക്ക് വെള്ളം ഒഴുകിയെത്തുന്ന തൃക്കുന്നപ്പുഴ ചീപ്പിന്റെ രണ്ട് ഷട്ടറുകളിൽ ഒന്നിലൂടെ മാത്രമേ ഇപ്പോൾ വെള്ളം ഒഴുകുന്നുള്ളു. തൃക്കുന്നപ്പുഴയിൽ ദേശീയജലപാതയ്ക്ക് കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിനാൽ വലിയ ഷട്ടറിന്റെ ഭാഗം മണൽ ഉപയോഗിച്ച് അടച്ചതിനാൽ നീരൊഴുക്ക് തടസപെട്ടിരിക്കുന്നു. പുളിക്കീഴ് ആറ്റിൽ ഓരുമുട്ടിനായി നിർമ്മിച്ച താത്കാലിക ബണ്ട് പൂർണ്ണമായും പൊളിച്ച് നീക്കാത്തതും നവീകരിച്ച കാർത്തികപ്പള്ളി തോട്ടിൽ മണൽ അടിഞ്ഞു കൂടിയതും പലഭാഗങ്ങളിലെ കയ്യേറ്റവും നീരൊഴിക്കിന് തടസം സൃഷ്ടിക്കുകയാണ്. പമ്പയാറും കായംകുളം കായലുമായി ബന്ധിപ്പിക്കുന്ന കാർത്തികപ്പള്ളി -ഡാണപ്പടി തോട് ചെറുതന ഭാഗത്ത് നിന്നാണ് ആരംഭിക്കുന്നത്.  പദ്ധതി വഴിയിൽ... തോട്ടപ്പള്ളി പൊഴിമുഖത്ത് കടലിൽ നിന്നുള്ള വേലിയേറ്റത്തിൽ മണൽ അടിഞ്ഞുകൂടിയത് നീക്കം ചെയ്ത് നീരൊഴുക്ക് ശക്തമാക്കുന്ന ജോലികൾ ഇന്നലെയും ഇറിഗേഷൻ അധികൃതർ നടത്തി. പൊഴിമുഖത്തെ മണൽ നീക്കം ചെയ്ത് ആഴം വർദ്ധിപ്പിച്ചെങ്കിലും വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള 11കിലോമീറ്റർ ദൈർഘ്യമുള്ള ലീഡിംഗ് ചാനലിൽ ആഴം വർദ്ധിപ്പിക്കാൻ തയ്യാറാക്കിയ പദ്ധതി പാതിവഴിയിലാണ്. 3.12 മീറ്റർ ക്യൂബ് മണലാണ് ഇത്രയും ഭാഗത്ത് നിന്ന് നീക്കം ചയ്യേണ്ടത്. ഇതിൽ പാലം മുതൽ കിഴക്കോട്ട് ടി.എസ് കനാൽ വരെയുള്ള 750 മീറ്റർ നീളത്തിലുള്ള ഭാഗത്താണ് നീക്കം ചെയ്യേണ്ട മണലിന്റെ മൂന്നിൽ രണ്ട് ഭാഗവും. ഇവിടെ പലഭാഗത്തും മുട്ടറ്റം വെള്ളമേ ഉള്ളു. കഴിഞ്ഞ മേയ് 24നാണ് വീയപുരം പാണ്ടിപ്പാലം, തോട്ടപ്പള്ളി പാലം എന്നിവിടങ്ങളിലായി അഞ്ച് ഡ്രഡ്ജർ ഉപയോഗിച്ച് ഡ്രഡ്ജിംഗ് ജോലികൾ ആരംഭിച്ചത്. സിലിക്കാ മണൽ കണ്ടെത്തിയതിനെ തുടർന്ന് പാണ്ടി പാലത്തിന്റെ ഭാഗത്തെ ഡ്രഡ്ജിംഗ് ഒന്നരമാസമായി നിറുത്തി വച്ചിരിക്കുകയാണ്.