
ഹരിപ്പാട്: കിഴക്കൻ വെള്ളത്തിന്റെ വരവ് വർദ്ധിച്ചതോടെ വീയപുരം, ചെറുതന, കരുവാറ്റ, പളളിപ്പാട് തുടങ്ങിയ അപ്പർകുട്ടനാടൻ മേഖലകളിൽ വെള്ളം കയറി. തൃക്കുന്നപ്പുഴയിൽ ഒരു ക്യാമ്പ് തുറന്നു. ജലനിരപ്പ് ഉയരുകയും കനത്ത മഴ തുടരുകയും ചെയ്താൽ വരും ദിവസങ്ങളിൽ പ്രദേശത്ത് കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ടി വരും. നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പള്ളിപ്പാട്ടും വീയപുരത്തും പല വീടുകൾക്കു ചുറ്റും വെള്ളം കയറിയിട്ടുണ്ട്. കാർത്തികപ്പള്ളി താലൂക്കിലെ ഹരിപ്പാട്, കുമാരപുരം, കാർത്തികപ്പള്ളി, ചേപ്പാട് ,ചിങ്ങോലി, മുതുകുളം തുടങ്ങിയ പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളക്കെട്ടായി. പ്രധാന റോഡുകളും ഇടറോഡുകളും വെള്ളത്തിലായി. പള്ളിപ്പാട്, വീയപുരം, തുടങ്ങിയ പഞ്ചായത്ത് പ്രദേശത്ത് ദുർബലാവസ്ഥയിലുള്ള ഏതാനും വീടുകൾ തകർച്ചാഭീഷണിയിലാണ്. വീയപുരം വില്ലേജ് ഓഫീസിന് മുകളിൽ മരം വീണ് ഷീറ്റുകൾ തകർന്നു. ഹരിപ്പാട്ട് ആർ.കെ ജംഗ്ഷൻ ഭാഗത്ത് ഒരു കടയിൽ വെള്ളം കയറി. ആനാരി കൊച്ചു പറമ്പിൽ നിസാറിന്റെ വീടിന് മുകളിൽ മരം വീണ് ഭാഗിക നാശമുണ്ടായി.