ഹരിപ്പാട്: ശക്തമായ കാറ്റിലും മഴയിലും ഹരിപ്പാട്ട് ഇന്നലെയും നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. കാർത്തികപ്പള്ളി പഞ്ചായത്തിലെ 6, 7, 8 വാർഡുകളിലാണ് നാശനഷ്ടങ്ങൾ കൂടുതൽ. അമ്മു നിവാസിൽ അമ്മുകുട്ടിയുടെ വീട് മരം വീണു പൂർണമായും തകർന്നു. ഹരിപ്പാട് നിന്നും എമർജൻസി റസ്ക്യു ടീം പ്രവർത്തകർ എത്തിയാണ് മരം മുറിച്ചുമാറ്റിയത്. കൂടാതെ ഈ മേഖലയിലെ അൻപതോളം വീടുകളിൽ തെങ്ങ്, കമുക്, മാവ്, പ്ലാവ്, ആഞ്ഞിലി തുടങ്ങി നിരവധി മരങ്ങൾ ഒടിഞ്ഞുവീണു. നിരവധി വീടുകളിലെ പച്ചക്കറി, വാഴ കൃഷികളും നശിച്ചു. മരങ്ങൾ വീണു വൈദ്യുതി ബന്ധം തകരാറിലായി. പഞ്ചായത്ത്, റവന്യു അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങളുടെ കണക്കെടുത്തു. ചിങ്ങോലി പഞ്ചായത്തിൽ മരം വീണ് പത്തോളം വീടുകൾക്കാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. ചിങ്ങോലി നങ്ങ്യാർകുളങ്ങര സ്വദേശികളായ പത്മരാജൻ, അനിൽകുമാർ, അജിത, ലത, സജീവ്, ഡാനിയൽ ബേബി, കലാകാരൻ പിള്ള, മുരളീധരൻ പിള്ള, രാജു, ഭവാനിയമ്മ എന്നിവരുടെ വീടുകൾക്കാണ് മരംവീണ് നാശനഷ്ടങ്ങളുണ്ടായത്. ഹരിപ്പാട് ദേവാലയത്തിൽ ഗണേഷിന്റെ വീട് തെങ്ങ് വീണു ഭാഗികമായി തകർന്നു. ആറാട്ടുപുഴ കരിതറയിൽ അനിൽകുമാറിനെ വീടിനുമുകളിൽ തേക്ക് മരം വീണു. തൃക്കുന്നപ്പുഴ കിഴക്കശ്ശേരിൽ പടീറ്റതിൽ നജീബിന്റെ വീടിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നുപോയി.